വിനോദ് കൊണ്ടൂർ ഡേവിഡ്

മിഡ്ലൻഡ്: കനത്ത മഴയെ തുടർന്ന് മിഷിഗണിലെ മിഡ്ലാൻഡ്‌ കൗണ്ടിയിലുള്ള ഈഡൻവില്ല് ജലവൈദ്യുത ഡാം തകർന്ന്,  9 അടിയോളം വെള്ളം പൊങ്ങി. ഡാം തകർന്നതോടെ റ്റിറ്റബവ്വാസി (Tittabawassee River) നദി കവിഞ്ഞൊഴുകി. ഈഡൻവില്ല്, സാൻഫർഡ് സിറ്റികളിലാണ് വൈള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ പൂരിഭാഗവും മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മിഷിഗൺ സംസ്ഥാനത്തിൻ്റെ ഗവർണർ ഗ്രറ്റ്ച്ചൻ വിറ്റ്മർ, മിഡ്ലൻഡ് കൗണ്ടിയിൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. “ഇത് അതീവ നാശം വരുത്തി”, ഗവർണർ തൻ്റെ 20 മിനിറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വൻ നാശനഷ്ടത്തിന് നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനകം തന്നെ നാഷണൽ ഗാർഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കൽ പൂർത്തിയാക്കി.
വെള്ളപ്പൊക്കം ഉള്ള സ്ഥലത്ത് 4 മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നതിൽ, എല്ലാവരും തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എറണാകുളം, നോർത്ത് പറവൂരിൽ നിന്ന് മിഡ്ലാൻഡിൽ താമസിക്കുന്ന അനുപ് ജോൺ നെയ്യ്ശേരി, തൻ്റെ വീട്ടിലിൽ രണ്ടു മലയാളി കുടുംബങ്ങൾക്ക് അഭയം നൽകി. മൂന്നാമത്തെ ഫാമിലി, അടുത്ത വലിയ സിറ്റിയായ ഡിട്രോയിറ്റിലേക്ക് മാറി. എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അനുപ് പറഞ്ഞു. മിഡ്ലൻഡിൽ ഫിസിക്കൽ തൊറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് അനൂപ്. നാളെ രാവിലെ 7 മണി വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ട്.
ഇതു വരെ 11,000 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 5 ഷെൽട്ടറുകൾ തുറന്നിടുണ്ട്. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചതിനാൽ, ആളുകൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കുടിവെള്ളത്തിനായി കിണറുകൾ ഉപയോഗിക്കുന്നവർ, അണു നശീകരണം നടത്തി, ശുചീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിയിച്ചു.
വെള്ളപ്പൊക്കത്തോട് അനുബന്ധിച്ചു, മിഡ് മിഷിഗൺ മെഡിക്കൽ സെൻ്ററിൽ ഇൻസിഡൻ്റ് കമാൻ്റ് സെൻ്റർ ആരംഭിച്ചു. പ്രസിഡൻ്റ് ഡോണൽഡ് ട്രമ്പ് ഫെഡറൽ എമർജൻസി മനേജ്മെൻ്റ് ഏജൻസിയെ  (FEMA) മിഡ്ലൻഡിലേക്ക് ഇതിനോടകം അയച്ചു.
നമ്മുടെ കൊച്ചു കേരളത്തിലെ നൂറ്റിഇരുപത്തഞ്ച് വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ,
ഈഡൻവില്ല് ഡാം പൊട്ടിയതിൻ്റെ എത്ര ഇരട്ടി നാശനഷ്ടം വിതയ്ക്കുന്നതാണെന്ന് ഊഹിക്കാവുന്നതിലപ്പുറമാണ്. മരതക പട്ടുടുത്ത മലയാള നാടിൻ്റെ നടുഭാഗം തന്നെ ഒഴുകി പോയേക്കാം.