• ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ജന്മദിനത്തിൽ അമേരിക്കക്കാരുടെ മനം കവർന്നുകൊണ്ട് കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.  ഇന്ന് (ശനിയാഴ്ച) രാവിലെ കൃത്യം 10.30 നാണുമുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ  പ്രൗഢഗംഭീരമായ ഓൺലൈൻ സംഗമത്തിലൂടെ  അഭിസംബോധന ചെയ്തത്.

ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂർ  മുഖ്യമന്ത്രി അമേരിക്കൻ പ്രവാസികളോടൊപ്പം ചെലവഴിച്ചു.

നാളെ 75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രിപിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്. മീറ്റിംഗ്  തുടങ്ങുന്നതിനു 15  മിനിറ്റു മുൻപ് തന്നെ സൂം മീറ്റിംഗിന്റെ പരമാവധി പങ്കാളിത്തമായ 500 പേർ കവിഞ്ഞിരുന്നു.അതേത്തുടർന്ന് വിവിധ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടി,വി.,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്.

നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചത്. ഇത്രയധികംജനപങ്കളിത്തമുണ്ടായ മറ്റൊരു സൂം മീറ്റിങ് അടുത്തകാലത്തൊന്നും ഉണ്ടായതായി കേട്ടിട്ടില്ല.

അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു ദേശീയ സംഘടനയായ ഫോമ മുഖ്യമന്ത്രിയുടെ  അമേരിക്കൻ മലയാളികളുമായുള്ള സൂം മീറ്റിംഗ് ഔദ്യോഗികമായി ബഹിഷ്‌ക്കരിച്ചെങ്കിലും കക്ഷി ഭേദമില്ലാതെ നിരവധിപേർ മീറ്റിംഗിൽ പങ്കെടുത്തത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായിട്ടാണെന്നു വേണം കരുതാൻ. ഫോമയുടെ ബഹിഷ്‌കരണം മീറ്റിംഗിലെ പങ്കാളിത്തത്തിൽ കുറവുവരുമെന്ന സംസാരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മീറ്റിംഗ് തുടങ്ങുന്നതിനു 15 മിനിട്ടു മുൻപ് തന്നെ സൂം മീറ്റിംഗ് റൂം ഹൗസ് ഫുൾ ആയതോടെ മീറ്റിംഗിനെ എതിർത്തവരെപ്പോലും അമ്പരപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കില്ലെന്നു തലേ ദിവസം  വരെ കിവദന്തികൾ ഉണ്ടായിരുന്നു.അതിനു മറുപടിയായി മുഖ്യമന്ത്രി രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സൂം മീറ്റിംഗിനെ അഭിസംബോധന ചെയ്യുകയും മുഴുവൻ ചോദ്യങ്ങളും അനുഭാവപൂർവം ഉത്തരം നല്കുകുകയും ചെയ്തു. സമയപരിതി കഴിഞ്ഞിട്ടും ഫ്ലോറിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനും മറുപടി പറയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും കയറാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ  മറ്റു തത്സമയ പ്രക്ഷേപണങ്ങൾ വഴി കാണുകയാണുണ്ടായത്.

വലിയ കോലാഹലങ്ങളില്ലാതെ മികച്ച വൈദഗ്ധ്യം പ്രകടമാക്കിയ അവതരണ ശൈലിയുമായി തിളങ്ങിയ ആങ്കർമാരും സമയ പരിധിക്കുള്ളിൽ നിന്ന് അളന്നു കുറിച്ച ചോദ്യങ്ങളുമായി നോർത്ത് അമേരിക്കൻ മലയാളികളും തങ്ങളുടെ അന്തസ് കാത്തപ്പോൾ എല്ലാ ചോദ്യങ്ങൾക്കും അനുഭാവപൂർവവും വ്യക്തവുമായ ഉത്തരങ്ങൾ നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ചോദ്യോത്തര വേള സജീവമായി.ഫൊക്കാന ട്രഷർ സജിമോൻ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റർ. ജെസി റിൻസി സഹമോഡറേറ്റർ ആയിരുന്നു.

സജിമോൻ ആന്റണിയുടെ മീറ്റിംഗ് പാറ്റേൺ വിവരണത്തോടെയാണ് സൂം മീറ്റിംഗ് ആരംഭിച്ചത്. ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതവും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ  ഡോ. മാമ്മൻ സി.ജേക്കബ് നന്ദിയും  പറഞ്ഞു.

കോവിഡ് 19 നെ തുരത്തുന്നതിൽ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും  അതിനെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടും  ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാർഡിയൻ, അൽജിസറാ ടി.വി. ന്യൂയോക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ  വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള  ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ നോർത്ത് അമേരിക്കൻ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്..

അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളെ  അഭിസംബോധന ചെയ്‌തത്‌.കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല . നിങ്ങളുടേതുകൂടിയാണ്. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തുടന്ന് മീറ്റിംഗ് കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിൽ, നൈനയെ പ്രതിനിധീകരിച്ചു ബോബി വർഗീസ്, എ.കെ.എം.ജി.മുൻ പ്രസിഡണ്ട് ഡോ. രവീന്ദ്ര നാഥ് , നോർക്ക റൂട്ട്സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി കുര്യൻ പ്രക്കാനം എന്നിവർ ആശംസയർപ്പിച്ചു.

തുടർന്ന് കോവിഡ് 19 മൂലം മരണമടഞ്ഞ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് അനുശോചന സന്ദേശം നൽകി. കോവിഡ് കാലത്തെ യഥാർത്ഥ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്സിന്  ഫൊക്കാന നേതാവ് ജോർജി വർഗീസ് അഭിവാദ്യമർപ്പിച്ചു.

ഒരു മണിക്കൂർ 50 മിനിറ്റ് (110 മിനിറ്റ്സ് ) നീണ്ടു നിന്ന മീറ്റിംഗിന്റെ തുടക്കം മുതൽ അവസാനം വരെ ക്ഷമയോടു കൂടി കേട്ടിരുന്ന മുഖ്യമന്ത്രി അമേരിക്കൻ മലയാളികളോടുള്ള സ്നേഹവും കരുതലും മീറ്റിംഗിലുടനീളം പ്രകടമാക്കി.ഏതാണ്ട് 20 മിനിറ്റുനേരം അമേരിക്കൻ മലയാളികളെ അഭിവാദ്യം ചെയ്‌ത മുഖ്യമന്ത്രി 45 മിനിട്ടു നീണ്ടുനിന്ന ആദ്യ സെഷന് ശേഷം ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ചോദ്യോത്തരവേളകളിൽ എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ട ശേഷം എല്ലാ ചോദ്യങ്ങൾക്കും ഉചിതമായ മറുപടി നൽകി.

ഒരാഴ്ചമുമ്പ് തീരുമാനിച്ച ഈ മീറ്റിംഗിന്റെ തയാറെടുപ്പുകൾക്കായി ഡോ എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, കുര്യൻ പ്രക്കാനം എന്നീ രാപകലില്ലാതെ പ്രവർത്തിച്ചതുകൊണ്ടാണ് ഈ മീറ്റിംഗ് കുറ്റമറ്റതായി നടക്കാൻ കാരണമായത്. പ്രവീൺ തോമസ്,വിപിൻരാജ്, ജോർജി ജോർജ്,ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, നോർക്ക റൂട്ട്സ് യു.എസ് പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി   ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങി അനുമതി നൽകിയതിനാൽ ഇരട്ടിപ്പുകളോ ആശയക്കുപ്പഴപ്പങ്ങളോ ഇല്ലാതെ മികവുറ്റ രീതിയിൽ മീറ്റിംഗ് സംഘടിപ്പിക്കുവാൻ കഴിഞ്ഞ സംഘാടകർ ഏറെ ‌അനുമോദനമർഹിക്കുന്നു.