മുംബൈ: കൊറോണ വന്നതോടെ മാസ്‌കിന്റെ പ്രാധാന്യം ജീവിതത്തില്‍ കൂടുകയാണ്. ഓണ്‍ലൈന്‍ വിപണികളില്‍ ഉള്‍പ്പെടെ മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ വസ്തുക്കളുടെ വില്‍പ്പന കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ കാണിക്കുന്നത് മാസ്‌ക് വില്‍പ്പന കുത്തനെ ഉയരുന്നതാണ്. 100 രൂപ മുതലുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ വിപണികളില്‍ സുലഭമാണ്. എന്നാല്‍, മാസ്‌കില്‍ കൊള്ളലാഭം വാങ്ങുന്ന വില്‍പ്പനക്കാരും കൂടി വരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സാനിറ്റൈസറുകളുടെ വില അഞ്ചുശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ പ്രതിരോധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍, ഷൂ കവറുകള്‍, ഫേസ് ഷീല്‍ഡുകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

സ്‌നാപ്ഡീലിന്റെ കണക്കുപ്രകാരം ജോലിയിലേക്ക് തിരികെ പ്രവേശിക്കുമ്ബോള്‍ ആളുകള്‍ ഏറ്റവുമധികം വാങ്ങുന്നത് ഇത്തരം സുരക്ഷാവസ്തുക്കളായിരിക്കും. ഇപ്പോള്‍ തന്നെ പര്‍ച്ചേസിങ്ങില്‍ മൂന്നിലൊന്ന് ഉപഭോക്താക്കളും ഇത്തരം വസ്തുക്കളാണ് വാങ്ങുന്നത്.