ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ദ്വീപ് രാജ്യമായ മാലെ ദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി നാവിക സേനാ കപ്പല്‍ യാത്ര തിരിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായ ഓപ്പറേഷന്‍ സമുദ്രസേതുവിന് തുടക്കം കുറിച്ച് നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലേക്ക് പുറപ്പെട്ടത്. 698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് സുധീര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കപ്പലിനെ യാത്രയാക്കി.
18 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. നാവിക സേനയുടെ ഡോക്ടര്‍മാരും മാലെദ്വീപ് മെഡിക്കല്‍ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്. 36 മണിക്കൂര്‍ യാത്രയ്ക്കു ശേഷം കപ്പല്‍ കൊച്ചിയിലെത്തും. മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തില്‍ ഒരു ദിവസം നീണ്ടു നിന്ന നടപടികള്‍ക്ക് ശേഷമാണ് യാതക്കാരെ ബസില്‍ തുറമുഖത്തേക്ക് എത്തിച്ചത്. ദൗത്യം അടുത്താഴ്ചയും തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.ദുബയില്‍ നിന്നും കപ്പലുകളുണ്ടാകും എന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. 14 കപ്പലുകള്‍ ദൗത്യത്തിന് തയ്യാറായി നിലക്കുകയാണ്.