വത്തിക്കാന്‍ സിറ്റി: ലോകത്തെ അലട്ടുന്ന മഹാമാരിയുടെ വെല്ലുവിളികളെ നേരിടുന്നതിന് ‘വത്തിക്കാൻ കോവിഡ് 19 സമിതി’ പഞ്ച കർമ്മസംഘങ്ങളുടെ സഹകരണത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്സൺ. ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നഷ്ടമാക്കാനല്ല, പ്രത്യുത, പ്രത്യാശ പുലർത്താനുള്ള ഒരു അവസരമായിട്ടാണ് മഹാമാരിയുളവാക്കിയിരിക്കുന്ന പ്രതിസന്ധിയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി മൂലമുണ്ടായിട്ടുള്ള ഭക്ഷ്യ ജൈവ പ്രതിസന്ധിയെ നേരിടുന്നതിനുള്ള സഭയുടെ പ്രവർത്തനത്തെ അധികരിച്ച് ശനിയാഴ്ച (16/05/20) പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ദൃശ്യമാദ്ധ്യമത്തിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനില്‍ ഇതുവരെ 12 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.