കണ്ണൂര്‍; ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടായത് ഭീമമായ നാശനഷ്ടം. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ മാസം മുതല്‍ ഇതുവരെ 3.72 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആഗ്‌സ്ത് 4 മുതല്‍ 9 വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാത്രം മൂന്നു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. 215 കിലോമീറ്റര്‍ നീളത്തില്‍ എല്‍ടി ലൈനും 11 കിലോമീറ്റര്‍ നീളത്തില്‍ എച്ച്‌ടി ലൈനും തകര്‍ന്നാണ് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായത്. 1735 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 236 ഹൈടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്ന് രണ്ടു കോടി രൂപയിലേറെ നഷ്ടമുണ്ടായി. മൂന്നു ലക്ഷം രൂപ വിലവരുന്ന 19 ട്രാന്‍സ്‌ഫോമറുകള്‍ക്കാണ് കേട്പാട് സംഭവിച്ചത്.

ശക്തമായ കാറ്റില്‍ രണ്ടായിരത്തിലധികം സ്ഥലങ്ങളില്‍ മരം കടപുഴകി ലൈനില്‍ വീണു. കാടാച്ചിറ, കൊളച്ചേരി, ചക്കരക്കല്‍, തയ്യില്‍ മേഖലകളിലാണ് ആണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കാറ്റിലും മഴയിലും ജില്ലയിലെ വൈദ്യുതി മേഖലയ്ക്കുണ്ടായ തകരാറുകള്‍ 90 ശതമാനത്തിലേറെ പരിഹരിച്ച്‌ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായും ബാക്കിയുള്ളവ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണെന്നും കണ്ണൂര്‍ ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു