നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി. ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദം സ്വന്തമാക്കിയാണ് മലാല, യൂണിവേഴ്സിറ്റി വിടുന്നത്.
പാക്കിസ്ഥാനിൽ പെൺകുട്ടികൾക്ക് നിഷിധമായിരുന്ന സ്കൂൾ വിദ്യാഭ്യാസ നയത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തിയ മലാലക്ക് 15 -ാം വയസിൽ താലിബാൻ ഭീകരന്‍റെ വെടിയേറ്റു. മരണത്തെ മുഖാമുഖം കണ്ട ഇവരെ പ്രാഥമിക ചികിത്സക്കുശേഷം ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാം ക്യൂൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ദീർഘനാളത്തെ ചികിത്സക്കുശേഷം മലാലക്കും കുടുംബത്തിനും ഇംഗ്ലണ്ടിൽ അഭയം നൽകി.
തുടർന്നും ആഗോളതലത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി മലാല പല രാജ്യങ്ങളും സന്ദർശിച്ചു. സ്കൂളിൽ പഠിക്കാത്ത 132 മില്യൺ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് മലാല ഫണ്ട് രൂപീകരിച്ച് പ്രവർത്തനം നടത്തി. 2014 ൽ കുട്ടികളുടെ അവകാശത്തിനുവേണ്ടി സമരരംഗത്തിറങ്ങിയതിന് നൊബേൽ സമ്മാനം ലഭിച്ചു.
പാക്കിസ്ഥാനിലെ പ്രഥമ വനിത പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ 1970 ൽ ബിരുദ പഠനം പൂർത്തീകരിച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനും ബിരുദം നേടുന്നതിനും ലഭിച്ച അവസരം അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണെന്ന് മലാല ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ താൻ തൊഴിൽ രഹിതയാണെന്നും ജോലി അന്വേഷിക്കുകയാണെന്നും മലാല പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ