തിരുവനന്തപുരം: ദേശീയ കായികരംഗത്തു തിളങ്ങിയ മലയാളി അത്‌ലെറ്റുകള്‍ക്ക് വളരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണു കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുള്ളത്. ആ സമീപനം തന്നെയായിരിക്കും ഇനിയും തുടരുകയെന്നതിനു സംശയംവേണ്ടെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. നമ്മുടെ ഇന്നത്തെ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി അവലോകനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഒറീസ സര്‍ക്കാരിന്റെ സ്പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും പാഠമാകേണ്ടതുണ്ട്. ഒരു പൊതുകായിക സംസ്കാരം സൃഷ്ടിക്കുന്നതോടൊപ്പം മികവുറ്റവര്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിശീലനം ഉറപ്പുവരുത്തുന്നതിലൂടെയാണ് മറ്റു രാജ്യങ്ങള്‍ വിജയം കൊയ്യുന്നതെന്നും ഐസക് ഫേസ്ബുക്കില്‍ വ്യക്തമാക്കി.