മോട്ടോര്‍ വാഹനവകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യുവും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും.
‘കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്‍റെ മണമുണ്ട്’ -ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
പലരുടെയും സന്തോഷത്തിന് കാരണം അവര്‍ക്ക് പണി കിട്ടി എന്നതിനാലാണെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ‘മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈന്‍ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേര്‍ക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസ്സിലായില്ല.
നിയമം തെറ്റിച്ചാ ഫൈന്‍ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ മോഡിഫൈ ചെയ്താല്‍ എം.വി.ഡി ഫൈന്‍ അടിക്കും. എന്‍റെ കൗതുകം വേറേ ആണ് – പലയിടത്തും കണ്‍വെന്‍ഷനില്‍ നിന്ന് മാറി സഞ്ചരിച്ചവര്‍ക്ക് ഒരു പണി കിട്ടിയതിലുള്ള ഒരു ക്രൂരമായ സംതൃപ്തി ആണ് പലര്‍ക്കും എന്ന് തോന്നി പോവുകയാണ്.
എല്ലാ നിയമ ലംഘനവും കാണുമ്ബോ ഉണ്ടാവാത്ത ഒരു പ്രത്യേകതരം നിയമ സ്നേഹം പലയിടത്തും കാണുമ്ബോ പഴയ ഒരു കാര്യമാണ് ഓര്‍മ വന്നത്. പണ്ട് ഞാന്‍ സ്കൂളില്‍ പഠിക്കുമ്ബോ സൈലന്‍സര്‍ മോഡിഫൈ ചെയ്ത ബുള്ളറ്റ് കാണുമ്ബോ പല അമ്മാവന്മാര്‍ക്കും ‘ഇവനെ പൊലീസില്‍ പിടിപ്പിക്കണം…’ എന്ന് തോന്നാറുണ്ടായിരുന്നു. ശബ്ദ മലിനീകരണം ആണ് കാരണം എന്നൊക്കെ അവര്‍ തള്ളാറുണ്ടായിരുന്നെങ്കിലും, യഥാര്‍ത്ഥ കാരണം ഈ ‘ചെത്തു’ പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിര്‍ത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു.
ഇപ്പോഴത്തെ ഓരോ ട്രോള്‍ കണ്ടപ്പോള്‍ ആ അമ്മാവന്മാരെ ഓര്‍മ വന്നു അത്രേ ഉള്ളു… ഇ ബുള്‍ ജെറ്റ് എന്താണെന്ന് എനിക്കറിയില്ല. ഇ ബുള്‍ ജെറ്റിന് പിന്തുണയുമായി കവര്‍ ഗായകന്‍ ഹരീഷ് ശിവരാമന്‍ എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു cow jet പോലും എനിക്ക് ഇല്ല’ -ഹരീഷ് കുറിച്ചു.



