തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് പാസുകള്‍ നല്‍കിത്തുടങ്ങി. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശന പാസ് നല്‍കുന്നത്.വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്ബുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍.ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
പാസുകള്‍ ലഭിച്ചശേഷമേ യാത്ര തുടങ്ങാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണമുള്ളവരെ അപ്പോള്‍ത്തന്നെ ക്വാറന്റീനിലേക്ക് മാറ്റും. വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. ഒരേ സമയം നൂറ് വാഹനങ്ങള്‍ വരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അതിര്‍ത്തിയിലുണ്ട്.