ഇടുക്കി- മറയൂരില്‍ യുവാവിന്‍്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്‍്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.ഈ മാസം ഒന്നാം തീയതിയാണ് ജോലിക്കിടെ അജീഷ് പോള്‍ മര്‍ദ്ദനത്തിനിരയായത്.

ഗുരുതരാവസ്ഥയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അജീഷ് പോള്‍. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പൊലീസ് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് ടൗണില്‍ ചൊവ്വാഴ്ച രാവിലെ 10.10-നായിരുന്നു സംഭവം. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥരെ യുവാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ പരിക്കേല്പിക്കുകയായിരുന്നു. മറയൂര്‍ സി.ഐ. ജി.എസ്.രതീഷ് (40), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ (38) എന്നിവര്‍ക്കാണ് ഗുരുതരപരിക്കേറ്റത്. ഇവരെ ആക്രമിച്ച കാന്തല്ലൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.