ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണവും രോഗികളുടെ എണ്ണവും ഏറുന്നു. 24 മണിക്കൂറില് 773 പുതിയ രോഗികളും 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ രോഗികള്‍ 5274. മരണം 149. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുപ്രകാരം രോ​ഗികള് 5689 ആയി. മരണം 181ഉം. പരിശോധന 1,21,271 ലേക്ക് ഉയര്‍ന്നതായി ഐസിഎംആര്‍ അറിയിച്ചു. ചൊവ്വാഴ്ചവരെ 1,14,015 ആയിരുന്നു. ഒരു ദിവസം കൊണ്ടുള്ള വര്‍ധന 7256 മാത്രം. എന്നാല്‍ രോ​ഗ പരിശോധനകള്‍ക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായിട്ടില്ല.

ബുധനാഴ്ച മഹാരാഷ്ട്രയില്‍ ഒമ്പതും മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. 117 പുതിയ സ്ഥിരീകരണം വന്നതോടെ മഹാരാഷ്ട്രയില്‍ രോ​ഗികള് 1135 ആയി, മരണം 72 ഉം. മുംബൈയില്‍ മാത്രം രോഗികള്‍ 696. മഹരാഷ്ട്രയില്‍ ബുധനാഴ്ചയുണ്ടായ മരണങ്ങളില്‍ എട്ടും പുണെയിലാണ്. പുണെയില്‍ സമൂഹ വ്യാപനം ഭയക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മൂന്നാഴ്ചത്തെ അടച്ചിടല്‍ തീരാന് ആറുദിനം മാത്രം ശേഷിക്കെ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടി കര്‍ക്കശമാക്കി. യുപിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയടക്കം 15 ജില്ലയില് 15 വരെ പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചിലധികം ഹോട്ട്സ്പോട്ടുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ജില്ലകളിലാണ് സമ്ബൂര്‍ണ അടച്ചിടല്‍. മധ്യപ്രദേശില്‍ എസ്മ പ്രഖ്യാപിച്ചു. മുംബൈ, പുണെ നഗരങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റുചെയ്യാന് നിര്ദേശിച്ചു. ഡല്‍ഹിയിലും മാസ്ക് നിര്‍ബന്ധമാക്കി.