• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹൂസ്റ്റണ്‍: ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കാന്‍ പുലര്‍ച്ചെ ഉണരുന്ന അമേരിക്കയിലെ ഭൂരിപക്ഷവും കേട്ടത്, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകളാണ്. ഇതു പ്രകാരം യുഎസില്‍ 533,115 ജനങ്ങളാണ് ഇതുവരെ കൊറോണ രോഗബാധിതരായത്. കൂടാതെ കുറഞ്ഞത് 20,608 പേര്‍ മരിച്ചു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ യുഎസിലുണ്ട്. ഇതിലാകെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള കേസുകള്‍, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, മറ്റ് യുഎസ് പ്രദേശങ്ങള്‍, അതുപോലെ തന്നെ സ്വദേശത്തേക്ക് കൊണ്ടുപോയ എല്ലാ കേസുകളും ഉള്‍പ്പെടുന്നു.

കൊറോണ വൈറസില്‍ നിന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു സംസ്ഥാനം
വയോമിങ്‌ ആണ്. കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ തെക്കോട്ടും കൊറോണ പടരുന്നതിന്റെ സൂചനകളുണ്ട്. അതേസമയം, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ പോലെയുള്ള സ്ഥലങ്ങളില്‍ കാര്യമായ പകര്‍ച്ച ഇല്ലെന്നതും സ്ഥിതിഗതികളില്‍ മാറ്റമുണ്ടെന്ന സൂചന നല്‍കുന്നു. ഈ ആഴ്ച ന്യൂയോര്‍ക്ക് സംസ്ഥാനം ഒരു ദാരുണമായ നാഴികക്കല്ലിലെത്തി. അമേരിക്കയെ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ ഏത് രാജ്യത്തേക്കാളും കൂടുതല്‍ കോവിഡ് 19 രോഗികളാണ് ഇവിടെയുള്ളത്.

ഏപ്രില്‍ 11 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം 181,026 കേസുകള്‍ സ്‌പെയിനിന്റെ (161,852 കേസുകള്‍) ഇറ്റലിയുടെ (152,271) കേസുകളേക്കാള്‍ കൂടുതലാണ്. ന്യൂയോര്‍ക്കിനേക്കാള്‍ ഇരട്ടി ജനസംഖ്യയുള്ള രാജ്യങ്ങളാണിത്. ഈ രോഗം ന്യൂയോര്‍ക്കുകാരെ അനുപാതമില്ലാതെ വകവരുത്തുന്നത്. ന്യൂയോര്‍ക്കില്‍ സ്ഥിതി അതീവഗുരുതരമാണ്. മരണം അനിയന്ത്രിതമായി തുടരുന്നതിനിടെ ആരോഗ്യവകുപ്പില്‍ കൂടുതല്‍ തൊഴിലുകളാണ് ഉണ്ടായിരിക്കുന്നത്. ഫ്യൂണറല്‍ ഹോമുകളിലും തിരക്കേറി. തിരിച്ചറിയാന്‍ കഴിയാത്തവരെ കൂട്ടത്തോടെയാണ് സംസ്‌ക്കരിക്കുന്നത്. പോപ്പ് അപ്പ് ആശുപത്രികളിലും ടെസ്റ്റിങ് സെന്ററുകളിലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പലേടത്തും വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകളില്ലെങ്കിലും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലെന്ന പരാതിയുണ്ട്.

അമേരിക്കന്‍ ഐക്യനാടുകളിലെ 20,389 മരണങ്ങളില്‍ 8,627 അഥവാ 42% ന്യൂയോര്‍ക്കിലാണ് സംഭവിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗിന്റെ ഡേറ്റായെ അടിസ്ഥാനമാക്കിയ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് 3.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ മരണനിരക്ക് 4.7 ശതമാനമാണ്. ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ, കണക്ക്ടിക്കറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ വൈകുന്നതും യഥാര്‍ത്ഥ മരണനിരക്ക് കുറച്ചു കാണിക്കുന്നുണ്ട്. സാമൂഹിക അകലം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവിടെ കാര്യമായ പ്രചാരണം ഇപ്പോള്‍ നടത്തുന്നുണ്ട്. പോലീസ് നഗരങ്ങളിലും ട്രാഫിക് പോയിന്റുകളിലും കാര്യമായ പരിശോധനയും നടത്തുന്നു.

ന്യൂയോര്‍ക്ക് നഗരത്തിനു പുറമേ, സബര്‍ബന്‍ കൗണ്ടികളായ നസ്സാവു, സഫോള്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക്‌ലാന്റ് എന്നിവയിലാണ് രോഗബാധിതര്‍ ഏറെയും. സംസ്ഥാനത്തൊട്ടാകെയുള്ള കേസിന്റെ 93% ആണ് ഇവിടെയുള്ളത്. കൂടാതെ, ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് 19 മരണനിരക്ക് മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് 6% കൂടുതലാണ്. ഇതാണ് ഭയപ്പെടുത്തുന്നത്. മറ്റു കൗണ്ടികളില്‍ നിന്നും വീടുകളില്‍ മരണപ്പെടുന്നവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മലയാളികള്‍ അടക്കമുള്ളവരുടെ പോലും ശരിയായ ചിത്രമല്ല പുറത്തുവരുന്നത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ന്യൂയോര്‍ക്കിന് കാര്യമായ രോഗബാധ ഉണ്ടായത് എന്തുകൊണ്ട്? സാമൂഹിക അകലം പാലിക്കാത്തതു കൊണ്ടാണെന്നാണ് ഉത്തരം. പള്ളികളിലോ ക്രൂയിസ് കപ്പലുകളിലോ, ഇവന്റുകളോ അല്ലെങ്കില്‍ മാര്‍ഡി ഗ്രാസ് പോലുള്ള ഔട്ട്‌ഡോര്‍ ഇവന്റുകളിലോ പങ്കെടുക്കുന്നവരുടെ എണ്ണം ഇവിടെ വളരെ കൂടുതലാണ്. അല്ലെങ്കില്‍ ഒന്നിലധികം റൂംമേറ്റുകളോ വലിയ കുടുംബങ്ങളോ ഉള്ള ചെറിയ അപ്പാര്‍ട്ടുമെന്റുകളിലാണ് ഇവിടെയേറെ പേരും ജീവിക്കുന്നത്. ഇവിടങ്ങളിലെ പ്രായമുള്ളവരിലും മറ്റ് ഏതെങ്കിലും രോഗബാധയുള്ളവരിലുമായിരുന്നു കൊറോണ അനിയന്ത്രിതമായി കത്തിപ്പടര്‍ന്നത്. ന്യൂയോര്‍ക്കിലെ ജനസാന്ദ്രത, ഒരു ചതുരശ്ര മൈലിന് 27,000 ആളുകളാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോകമെമ്പാടുമുള്ള നഗരങ്ങളുടെ കണക്ക് വച്ചു നോക്കിയാല്‍ ഇതൊന്നുമല്ല താനും. പല നഗരങ്ങളിലും, ഉദാഹരണത്തിന് ഏഷ്യയിലെ പല നഗരങ്ങളിലും ശരാശരി ഒരു ചതുരശ്ര മൈലിന് 40,000 ആളുകളുടെ സാന്ദ്രതയുണ്ട്. ഇന്ത്യയില്‍ മുംബൈ പോലെയുള്ള സ്ഥലങ്ങളില്‍ ഇതിന്റെ മൂന്നിരട്ടിയുണ്ട്.

ന്യൂയോര്‍ക്കിലെ ഏറ്റവും സാന്ദ്രമായ സ്ഥലം ബറോ മാന്‍ഹട്ടനാണ്, താരതമ്യേന വിശാലമായ ക്വീന്‍സ് അഞ്ചില്‍ നാലാം സ്ഥാനത്താണ്. ക്യൂന്‍സില്‍ മാന്‍ഹട്ടനേക്കാള്‍ ഇരട്ടി കേസുകളും മരണങ്ങളുമുണ്ട്. ന്യൂയോര്‍ക്കില്‍ പരിശോധനകള്‍ നടക്കാതിരുന്നതുകൊണ്ടാകാം മരണനിരക്ക് കൂടിയത്. മറ്റു കൗണ്ടികളിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് മറ്റെവിടെയുള്ളതിനേക്കാളും ന്യൂയോര്‍ക്കില്‍ കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ നിലവിലുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് സൂചന. ഉയര്‍ന്ന മരണനിരക്കിന്റെ ഏറ്റവും മികച്ച വിശദീകരണം, ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും ന്യൂയോര്‍ക്ക് നഗരത്തിലുടനീളമുള്ള അപര്യാപ്തമായ ആരോഗ്യ പരിരക്ഷയാണ്.

ഇവിടെ പുരുഷന്മാരിലാണ് വൈറസ് പടര്‍ന്നുപിടിച്ചത്. നഗരത്തിലെ ജനസംഖ്യയുടെ 51% കറുത്തവരും ഹിസ്പാനിക് ന്യൂയോര്‍ക്കുകാരും ആണെങ്കിലും കോവിഡ് 19 മരണങ്ങളില്‍ 62% തദ്ദേശിയരാണെന്ന കാണാം. പ്രായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെളുത്തവരുടെ മരണനിരക്ക് ഇരട്ടിയാണ്.
ഈ അസമത്വം നിരവധി ഘടകങ്ങളുടെ ഫലമാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകള്‍ മരണം വര്‍ദ്ധിപ്പിക്കുന്നു. കറുത്ത, ഹിസ്പാനിക് സമൂഹങ്ങളില്‍ ഇത് സാധാരണമാണ്. മോശമായി നിയന്ത്രിക്കപ്പെടുന്ന പ്രഷര്‍, ഷുഗര്‍ എന്നിവയുടെ ഉയര്‍ന്ന നിരക്കിന് കാരണമാകുന്നത് ആരോഗ്യ പരിരക്ഷയുടെ അഭാവമാണ്. പണം, സമയം, സ്ഥാനം എന്നിവ കാരണം നല്ല ആരോഗ്യ പരിരക്ഷ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത ആളുകള്‍ രോഗനിര്‍ണയം നടത്താതെ വീട്ടില്‍ തന്നെ തുടരാനും വൈറസ് പടരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ രോഗനിര്‍ണയത്തിലും ചികിത്സയിലും കാര്യമായ കാലതാമസവും അനുഭവപ്പെടുത്തുന്നു. അതു ന്യൂയോര്‍ക്ക് തെളിയിച്ചു. ന്യൂജേഴ്‌സിയിലും ഇതു തന്നെ സംഭവിക്കാന്‍ പോകുന്നു. ഇതിനെത്തുടര്‍ന്ന് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളുന്നു.