- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കോവിഡ് 19 പകര്‍ച്ചവ്യാധി മൂലം അമേരിക്കയില്‍ മരണമടഞ്ഞവരുടെ എണ്ണം 100,000 ആകുമ്പോള്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക കൊറോണ വൈറസ് സംഖ്യയെ ചോദ്യം ചെയ്യുന്നു. മരണമടഞ്ഞവര്‍ ഇതിലും വളരെക്കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിലവിലെ മരണസംഖ്യ താന്‍ അംഗീകരിച്ചുവെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുവെങ്കിലും ഈ കണക്കുകള്‍ ഔദേ്യാഗിക എണ്ണത്തേക്കാള്‍ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഇതുവരെ കൊറോണ മൂലം 97,732 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,648,283 ആയി. രോഗം ഭേദമായവരുടെ എണ്ണം 403,312 ആണ്. മെമ്മോറിയല്‍ വാരാന്ത്യത്തില്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് ജനം തെരുവില്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. പലേടത്തും പത്തുപേര്‍ക്കു വരെ കൂട്ടം കൂടാമെന്ന ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബീച്ചുകളടക്കം നിയന്ത്രണാതീതമാണെന്നാണ് വാര്‍ത്തകള്‍.
കോവിഡ് 19 മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമേരിക്ക ‘വളരെ ലിബറല്‍ സമീപനമാണ്’ സ്വീകരിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ വൈറസ് പ്രതികരണ കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ എല്‍. ബിര്‍ക്‌സ് പറഞ്ഞു. മിക്ക സ്റ്റാറ്റിസ്റ്റിസ്റ്റുകളും പൊതുജനാരോഗ്യ വിദഗ്ധരും പറയുന്നത് മരണസംഖ്യ പൊതുവായി അറിയപ്പെടുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നാണ്. കാരണം ആദ്യകാല കോവിഡ് 19 മരണങ്ങള്‍ തരംതിരിക്കപ്പെട്ടിരിക്കാം, കൂടാതെ വീടുകളിലും നഴ്‌സിംഗ് ഹോമുകളിലും നടക്കുന്ന മരണങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. പലേടത്തും, ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും കണക്കുകള്‍ ശരിയായ വിധത്തില്‍ ക്രോഡീകരിക്കപ്പെടുന്നില്ലെന്ന് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡേറ്റാ കളക്ഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന സൂചനയെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ജാഗ്രത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതു പ്രകാരം ഇപ്പോഴും രാജ്യത്തെ മുന്‍നിര ദേവാലയങ്ങളടക്കം അടഞ്ഞു കിടക്കുകയാണ്. എന്നാല്‍, അതു വകവയ്ക്കാതെ പള്ളികളും ആരാധനാലയങ്ങളും ഇപ്പോള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് മറ്റൊരു വാദഗതി കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു തയ്യാറാകാത്ത ഗവര്‍ണര്‍മാരെ ‘അസാധുവാക്കുമെന്ന്’ അദ്ദേഹം ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് അത്തരം അധികാരമില്ലെന്നും എന്നാല്‍ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ കോടതിയില്‍ കൊണ്ടുപോകാമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, കൊറോണ വെല്ലുവിളി നേരിടാന്‍ വാഷിംഗ്ടണ്‍ ഇനിയും ഉയര്‍ന്നിട്ടില്ലെന്ന് അമേരിക്കക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നു. മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്, സര്‍ക്കാരിനോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ നശിപ്പിച്ചതായും സൂചിപ്പിക്കുന്നു. മറ്റു ലോകരാജ്യങ്ങള്‍ പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. ചൈനയില്‍ പോലും ഇതാണ് സ്ഥിതി. പുതിയ കൊറോണ വൈറസ് മരണങ്ങളോ രോഗലക്ഷണ കേസുകളോ ഒന്നും ചൈന റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കോവിഡ് പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്കില്‍ സ്ഥിതി ഗതികളില്‍ അയവു വരുത്താനാണ് അധികൃതരുടെ ശ്രമം. ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ വെള്ളിയാഴ്ച വലിയ സമ്മേളനങ്ങള്‍ക്കുള്ള നിരോധനം ലഘൂകരിച്ചു. ഇതു പ്രകാരം 10 പേരെ വരെ ‘ഏതെങ്കിലും നിയമാനുസൃതമായ ഉദ്ദേശ്യത്തിനോ കാരണത്താലോ’ ഒത്തുചേരുന്നതിന് അനുവദിക്കുന്നു. അതേസമയം, ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൊറോണ പ്രോട്ടോക്കോളുകള്‍ പിന്തുടരുകയും ചെയ്യുന്നു. ഇതിനെ എതിര്‍ത്തു കൊണ്ട് ആരോഗ്യ വിദഗ്ദ്ധര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ പൂട്ടിയ സ്ഥിതിയിലാക്കിയ ഗവര്‍ണറുടെ ഉത്തരവിനെ എതിര്‍ത്തുകൊണ്ട് മതപരമായ സേവനങ്ങളിലോ മെമ്മോറിയല്‍ ദിനാഘോഷങ്ങളിലോ 10 പേരെ വരെ അനുവദിക്കണമെന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യൂമോയുടെ പ്രഖ്യാപനം. ബീച്ചുകളും വീട്ടുമുറ്റത്തെ ബാര്‍ബിക്യൂകളും അനുവദിച്ചിട്ടുണ്ട്. മെമ്മോറിയല്‍ ദിന വാരാന്ത്യത്തോടനുബന്ധിച്ചുള്ള വാരാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള താത്കാലിക ഇളവാണിതെന്നാണ് സൂചന. കൊറോണ വൈറസ് അപകടസാധ്യത കുറയ്ക്കുന്നതിനും പാന്‍ഡെമിക് സമയത്ത് പുറത്തുപോകുമ്പോള്‍ നിയന്ത്രണങ്ങളടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശം ഇവിടെയുണ്ടെങ്കിലും കാര്യക്ഷമമായ പരിശോധനകള്‍ വാരാന്ത്യത്തില്‍ ഒഴിവാക്കിയിരിക്കുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി.
മസാച്യുസെറ്റ്‌സില്‍, സ്മാരക ദിനത്തില്‍ നീന്തലിനായി ബീച്ചുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കും, പക്ഷേ വോളിബോള്‍ നിരോധിച്ചിരിക്കുന്നു, കൂടാതെ സണ്‍ബാത്തുകള്‍ക്കായെത്തുന്നവര്‍ 12 അടി അകലം നിലനിര്‍ത്തണം. ന്യൂയോര്‍ക്ക് സിറ്റിയില്‍, വേലിയേറ്റത്തെത്തുടര്‍ന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ നഗരത്തിലെ ബീച്ചുകള്‍ വാരാന്ത്യത്തില്‍ അടച്ചിടാന്‍ തീരുമാനിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ ബീച്ചുകളിലേക്ക് ഒഴുകിയെത്തിയ കാലിഫോര്‍ണിയയില്‍, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ ബീച്ചുകള്‍ അടച്ചുപൂട്ടുകയാണെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഴ്ചാവസാനം തുറക്കാന്‍ അനുവദിച്ചു. പകര്‍ച്ചവ്യാധിയുടെ ഈ ഘട്ടത്തില്‍, ആളുകള്‍ക്ക് സാമൂഹിക ഒറ്റപ്പെടലിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സോഷ്യല്‍ ജീനോമിക്‌സ് ഗവേഷകനായ സ്റ്റീവ് കോള്‍ പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി പ്രകടമാകുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കി കൊണ്ട് പലരും പ്രതിഷേധപ്രകടനങ്ങളുമായി പുറത്തിറങ്ങിയിട്ടുണ്ട്. ചെറുകിട ബിസിനസ്സുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഫെഡറല്‍ ദുരിതാശ്വാസ പണത്തിന്റെ സിംഹഭാഗവും ലഭിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ആളുകളോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ചില സ്ഥലങ്ങള്‍ മറ്റുള്ളവയേക്കാള്‍ വളരെയധികം ബാധിക്കുമ്പോള്‍ മുഴുവന്‍ സംസ്ഥാനങ്ങളും പൂട്ടിയിടുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചിലര്‍ പറഞ്ഞു.