കൊല്‍ക്കത്ത: മമത ബാനര്‍ജിക്ക് കനത്ത് തിരിച്ചടി നല്‍കി കൊണ്ട് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ സി ബി ഐയും സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. ഇതില്‍ കൊലപാതകങ്ങളും ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും സി ബി ഐയും കവര്‍ച്ച മുതലായവയുടെ അന്വേഷണം സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സൗമന്‍ മിത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരിക്കും അന്വേഷണം നടത്തുക.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഒരുപറ്റം പരാതികളിന്മേലുള്ള വാദം കേട്ട ശേഷമാണ് കോടതി അന്വേഷണം സി ബി ഐക്കു വിടാന്‍ തീരുമാനിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടല്‍ ഉള്‍പ്പെട്ട അഞ്ചംഗ ഹൈക്കോടതി ബഞ്ചിന്റേതാണ് ഉത്തരവ

നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സംഭവത്തെകുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടില്‍ മമതാ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റേത് ഭയപ്പെടുത്തുന്ന നിസംഗതയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ അംഗീകരിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ മനുഷ്യാവകാശ കമ്മീഷനെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പകരം വീട്ടുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തായ അന്ന് തന്നെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമപാലനം ഉറപ്പാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ കല്‍പ്പനകള്‍ നടപ്പാക്കുന്നതാണ് കണ്ടത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.