തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള മദ്യവരവില്‍ ഗണ്യമായ കുറവ്. കൂടുതല്‍ ഡിസ്റ്റിലറികളുള്ള തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കാരണം മദ്യ ഉത്‌പാദനം പൂര്‍വ സ്ഥിതിയിലായിട്ടില്ല. ഇതുമൂലമാണ്‌ അളവില്‍ കുറവ് ഉണ്ടായിരിക്കുന്നത്. മദ്യനിര്‍മാണത്തിനുള്ള സ്പിരിറ്റിന് ദൗര്‍ലഭ്യം ഉള്ളതിനാല്‍ സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും മദ്യനിര്‍മാണം പൂര്‍വസ്ഥിതിയിലായിട്ടില്ല. സ്‌പിരിറ്റ്‌ കൊണ്ടുവന്നിരുന്ന പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്.

തീവ്ര കോവിഡ് ബാധിത മേഖലകളില്‍നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ബാധകമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തേക്ക് മദ്യവും സ്പിരിറ്റും എത്തിക്കാന്‍ തദ്ദേശീയരായ ഡ്രൈവര്‍മാരും തൊഴിലാളികളും തയ്യാറാകുന്നില്ല. മൂന്നാഴ്ചത്തേയ്ക്ക് ആവശ്യമുള്ള മദ്യം സംഭരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നുമാണ് ബിവറേജസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.