പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു.ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്.

മുമ്ബ് നടത്തിയ ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും രേഖപ്പെടുത്താത്ത കൂടുതല്‍ മുറിവുകള്‍ ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്.ഈ മുറിവുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും.