മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഭീം ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 7 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായാണ് ഇസ്രായേലി സൈബര്‍ സുരക്ഷ വെബ്‌സൈറ്റായ വിപിഎന്‍മെന്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 409 ജിഗാബൈറ്റ് ഡാറ്റാ ചോര്‍ച്ചയില്‍ വ്യക്തികളുടെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളായ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, മേല്‍വിലാസ തെളിവുകള്‍, ബാങ്ക് റെക്കോര്‍ഡുകള്‍ എന്നിവയും വ്യക്തികളുടെ പൂര്‍ണ്ണമായ പ്രൊഫൈലും ഉള്‍പ്പെടെയുണ്ടെന്നാണ് വിവരം.

ഓണ്‍ലൈന്‍ തട്ടിപ്പുകാരെ സൂക്ഷിക്കുക
വിപിഎന്‍മെന്റര്‍ കണ്ടെത്തലുകള്‍ അനുസരിച്ച്‌, ഉപയോക്താക്കളെയും ബിസിനസ്സ് വ്യാപാരികളെയും സൈന്‍ അപ്പ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ഒരു കാമ്ബെയ്‌നില്‍ ഭീം വെബ്‌സൈറ്റ് ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് 2019 ഫെബ്രുവരി മുതലുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുറത്തായ ഡാറ്റയുടെ അളവ് വളരെ വലുതാണെന്നും. ഇത് ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും മോഷണം, ഹാക്കിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയാകേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.