ന്യൂഡൽഹി ∙ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്നു കർഷക സംഘടനകൾ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും രാവിലെ 11 മുതൽ വൈകിട്ട് 3 വരെയായിരിക്കും ബന്ദെന്നും സംഘടനകൾ വ്യക്തമാക്കി.

‘ഭാരത് ബന്ദ് പ്രതീകാത്മക പ്രതിഷേധമാണ്. രാവിലെ 11 മണിക്കാണ് തുടങ്ങുക. അപ്പോഴേക്കും എല്ലാവർക്കും ഓഫിസിൽ എത്താൻ സാധിക്കും. ആംബുലൻസ്, വിവാഹം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ തടയില്ല. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നു അറിയിക്കാനാണു സമരം’– ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ദേശീയപാതകൾ തടയുമെന്നും ടോൾപ്ലാസകൾ പിടിച്ചെടുക്കുമെന്നും കർഷക സംഘടനകൾ നേരത്തെ പറഞ്ഞിരുന്നു.

വിവിധ മോട്ടർ ട്രാൻസ്പോർട്ട് യൂണിയനുകൾ ബന്ദിനെ പിന്തുണയ്ക്കുന്നതിനാൽ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു ഗതാഗതം സ്തംഭിക്കും. സമാധാനപരമായ പ്രകടനങ്ങൾ നടത്തുന്ന യൂണിയനുകൾ ജില്ലാ കലക്ടർമാർക്കു നിവേദനം കൈമാറും. ബാങ്ക് യൂണിയനുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെങ്കിലും സേവനങ്ങളെ ബാധിക്കില്ല. അഞ്ചുപ്രാവശ്യം കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും അലസിപ്പിരിഞ്ഞു. 9ന് ആറാം ഘട്ട ചർച്ച നടത്താമെന്നാണു കേന്ദ്ര അറിയിച്ചിട്ടുള്ളത്.

>ബന്ദിനു കോൺഗ്രസ്, എൻസിപി, ഡിഎംകെ, ആർജെഡി, എസ്പി, നാഷനൽ കോൺഫറൻസ്, സിപിഎം, സിപിഐ, സിപിഐ(എംഎൽ), ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ആംആദ്മി പാർട്ടി, ടിആർഎസ്, അകാലിദൾ, ശിവസേന തുടങ്ങിയ കക്ഷികൾ പിന്തുണയറിയിച്ചു. കർഷക വിഷയവുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ 9ന് രാഷ്ട്രപതിയെ കാണും. കർഷകർക്കു പിന്തുണയുമായി വിവിധ ബാങ്ക് യൂണിയനുകളും ഡൽഹി ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും രംഗത്തെത്തി.