ന്യൂഡല്‍ഹി: പതിനായിരങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ച ഇറ്റലിയുടെ അവസ്ഥയിലേക്ക് ഇന്ത്യ എത്തുമോയെന്ന ആശങ്കയിലാണ് ലോകം. ഒരു ദിവസം പുതുതായി സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണം പതിനായിരത്തോട് അടുത്തതാണ് ഭയാശങ്കയ്ക്ക് ഇടയാക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
273 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗികള്‍ 2,26,770 ആയി ഉയര്‍ന്നിട്ടുമുണ്ട്. രോഗം ഏറ്റവും തീവ്രമായിരുന്ന ഇറ്റലിയിലാകട്ടെ 2.33 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മറികടക്കാനായി ദിവസങ്ങള്‍ പോലും വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ 6348 പേര്‍ ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചു. മരണ സംഖ്യ ഇറ്റലിയുടെ അഞ്ചിലൊന്ന് മാത്രമേ ആയിട്ടുള്ളൂ എന്നത് ആശ്വാസം പകരുന്നുണ്ട്. പക്ഷെ, ജനസംഖ്യ ഇത്രയേറെ കൂടിയ രാജ്യത്ത് രോഗവ്യാപനം എത്രത്തോളം പ്രതിരോധിക്കാനാകും എന്നതാണ് ആശങ്ക. പകുതിയോളം പേരും രോഗ വിമുക്തരായതോടെ 1,10,960 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളും ആശ്വാസം പകരുന്നുണ്ട്.
അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലെ രോഗ വ്യാപനമാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തില്‍ 6.67 ആണെങ്കിലും മഹാരാഷ്ട്രയില്‍ നൂറില്‍ 16 പേര്‍ക്കാണ്. അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ മൂന്നാം സ്ഥാനത്ത് എത്താന്‍ ഇത് ഇടയാക്കും. മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളാണ് ഒരു നിയന്ത്രണത്തിനും വിധേയമാകാതെ പോകുന്നത്. ഈ അവസ്ഥ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വലീയ വില കൊടുക്കേണ്ടി വരും.