കോഴിക്കോട്: മദ്യം വാങ്ങാന്‍ ഓണ്‍ലൈനിലെ ടോക്കണ്‍ സംവിധാനമായ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വരുന്നതും കാത്തിരിക്കുകയാണ് ആളുകള്‍. 5 മണിക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും എന്ന് അറിയിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ഒറിജിനല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാജന് ഇറങ്ങിക്കഴിഞ്ഞു.
ബെവ് ക്യൂ- ബെവ്കോ ഓണ്‍ലൈന്‍ ബുക്കിംഗ് ഗൈഡ് എന്ന പേരിലാണ് വ്യാജന് പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. ബെവ് ക്യൂവിന് വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവര്‍ കേട്ടപാടി കേള്‍ക്കാത്ത പാതി ചാടിവീണ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. അന്പതിനായിരത്തില് കൂടുതല്‍ ആളുകളാണ് ഈ വ്യാജന് ഡൗണ്‍ലോഡ് ചെയ്തത്.
വ്യാജനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്.
മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ബെവ് ക്യൂ ആപ്പ് രാത്രി 10 മണിക്ക് മുന്‍പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്.
ഗൂഗിള്‍ റിവ്യൂ വൈകുന്നതാണ് ആപ് പ്ലേ സ്റ്റോറിലെത്താന്‍ വൈകുന്നതിന് കാരണം.
വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ആളുകള്‍ക്ക് ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് ടോക്കണെടുക്കാം. 5 പേരെ മാത്രമാണ് ഒരു സമയം ക്യൂവില്‍ അനുവദിക്കുക. ബാര്‍, ബിവറേജുകള്‍ എന്നിവ വഴി മദ്യവില്‍പ്പന നടത്തുന്നതിനുളള ടോക്കണ്‍ സംവിധാനമാണ് ബെവ് ക്യൂ ആപ്പ് വഴി തയ്യാറാക്കിയിരിക്കുന്നത്.