പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.

സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പിഡബ്ല്യുസിയെ രണ്ട് വർഷത്തേക്ക് വിലക്കി അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പിഡബ്ല്യുസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടി രാജ്യത്തെ മറ്റിടങ്ങളിലുള്ള തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അടിയന്തര സ്റ്റേ വേണമെന്നും പിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ നിയമനം തങ്ങളുടെ താത്പര്യ പ്രകാരമായിരുന്നില്ലെന്ന് വാദത്തിനിടെ പിഡബ്ല്യുസി അഭിഭാഷകന്‍ അഡ്വ.മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ നിയമനം പഴയ എം.ഡിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്നും റോഹ്ത്തഗി വ്യക്തമാക്കി.

സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് നിലവിൽ പിഡബ്ല്യുസിയെ വിലക്കിയിരിക്കുന്നത്. കരാർ വ്യവസ്ഥകളിലെ വീഴ്ചയും കണക്കിലെടുത്തിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ പേര് പറയാതെ ‘യോഗ്യതയില്ലാത്തയാളെ നിയമിച്ചു’ എന്ന് ഉത്തരവിൽ രേഖപ്പെടുത്തിയാണ് വിലക്ക്.