കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ചുരം കയറുമ്പോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.

പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രണ്ടുവട്ടം രാഹുല്‍ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം വയനാട്ടില്‍ പ്രതിഫലിച്ചേക്കും. ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും ലക്ഷ്യമിട്ടാകും യുഡിഎഫിന്റെ പ്രചാരണം.

പ്രിയങ്കയെ രണ്ടാം ഇന്ദിരയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. കന്നിയങ്കത്തിന് കേരളത്തിലെത്തുന്ന പ്രിയങ്കയെ ഇരും കയ്യും നീട്ടി വയനാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 2019ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തിന് രാഹുലെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയായിരുന്നു. പിന്നീട് രാഹുലിനൊപ്പം പലവട്ടം വയനാട്ടിലെത്തിയിട്ടുണ്ട് പ്രിയങ്ക. മലനാടുമായുള്ള നെഹ്റു കുടുംബത്തിന്റെ ആത്മബന്ധം അറുത്തുമാറ്റാന്‍ കഴിയില്ലെന്ന് വ്യക്തം. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോട ഏറെ താമസിയാതെ വയനാട്ടിലേക്ക് പ്രിയങ്ക എത്തും. ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വൈകാതെ തുടങ്ങാനാണ് യുഡിഎഫ് തീരുമാനം.