തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്ന കാര്യത്തിലും സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങള്‍ പാളിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ഗള്‍ഫില്‍ 160ലധികം മലയാളികളുടെയും വിദ്യാര്‍ത്ഥിനിയായ ദേവിക എന്ന 14കാരിയുടെയും ജീവനെടുത്തു എന്നും അദ്ദേഹം പറഞ്ഞു. മദ്യവിതരണത്തിന് കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.

വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കണം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണം. പ്രവാസികള്‍ വരുന്നത് പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് തെറ്റാണ്. ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തിയിട്ടേ ക്ലാസ് തുടങ്ങാവൂ-അദ്ദേഹം പറഞ്ഞു.