തിരുവനന്തപുരം: ജൂണ്‍ മാസം എത്തുന്നതോടെ കാലവര്‍ഷം കനക്കും. ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജലക്കമ്മിഷന്‍ താഴ്ത്തി നിശ്ചയിച്ചു. വൈദ്യുതിബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ താഴ്ന്ന നിരപ്പാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്.

മഴപെയ്താലും ഇല്ലെങ്കിലും ഈ തോതിലേ അണക്കെട്ടുകളില്‍ വെള്ളം ശേഖരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഈ പരിധിയില്‍ അധികം വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്ത്തുകയോ വേണമെന്നുമാണ് നിര്‍ദേശം. അണകളുടെ പരിപാലനത്തില്‍ അന്തിമതീരുമാനം കേന്ദ്ര ജലക്കമ്മിഷന്റേതാണ്. ജലക്കമ്മിഷന്‍ അംഗീകരിച്ച ജലനിരപ്പ്

തീയതി: ഇടുക്കി ഇടമലയാര്‍ കക്കി ബാണാസുരസാഗര്‍

ജൂണ്‍ 30: 2373 അടി 161 മീറ്റര്‍ 975.36 മീറ്റര്‍ 768 മീറ്റര്‍.
ജൂലായ് 31: 2380.58 അടി 162.50 മീറ്റര്‍ 975.36 മീറ്റര്‍ 773.50 മീറ്റര്‍.
ഓഗസ്റ്റ് 31: 2390.09 അടി 164 മീറ്റര്‍ 976.20 മീറ്റര്‍ 774.50 മീറ്റര്‍.
സെപ്. 30: 2396.94 അടി 166.30 മീറ്റര്‍ 976.91 മീ 775 മീറ്റര്‍.

കമ്മിഷന്റെ പുതിയ നിയന്ത്രണരേഖ വൈദ്യുതിബോര്‍ഡ് കഴിഞ്ഞദിവസം അംഗീകരിച്ചു. വരുന്ന ഓഗസ്റ്റില്‍ മഴകനക്കുമെന്നതിനാല്‍, ബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ നന്നേകുറഞ്ഞ നിരപ്പാണ് കമ്മിഷന്‍ അംഗീകരിച്ചത്. അടിയന്തിര സാഹചര്യത്തില്‍ ഡാമുകള്‍ ഒരുമിച്ച്‌ തുറക്കുന്നത് പ്രളയത്തിന് വഴിവെക്കാം എന്നതിനാലാണ് ജലസംഭരണം കുറയ്ക്കുന്നത്. അന്ന് 2018ല്‍ നിറഞ്ഞുനിന്ന ഡാമുകള്‍ ഒരുമിച്ച്‌ തുറക്കേണ്ടിവന്നത് പ്രളയം രൂക്ഷമാക്കിയിരുന്നു.