ഡല്‍ഹി: പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര ഭാരത അഭിയാനന്‍’ പ്രകാരം ഇനിമുതല്‍ രാജ്യത്ത് നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍ അര്‍ത്ഥസൈനിക ക്യാന്റീനുകള്‍ തീരുമാനിച്ചു. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ കരകയറ്റാനാണ് ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെയുള്ള സര്‍ക്കാരിന്റെ ശ്രമം.
‘സ്വയം പര്യാപ്തരാകാനും രാജ്യത്ത് തന്നെ നിര്‍മ്മിച്ച വസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കാനും നമ്മോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് തീര്‍ച്ചയായും ഇന്ത്യയെ ആഗോള നോതൃപദവിയിലേക്ക് നയിക്കും.’ ആഭ്യന്തരകാര്യ മന്ത്രി അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഇനിമുതല്‍ രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനകളുടെ കാന്റീനില്‍ ഇനിമുതല്‍ സ്വദേശി ഉല്‍പന്നങ്ങളേ വില്‍ക്കൂ. പത്ത് ലക്ഷം സൈനികരും അവരുടെ 50 ലക്ഷം കുടുംബാംഗങ്ങളും ഇനിമുതല്‍ സ്വദേശി ഉല്‍പന്നങ്ങള്‍ തന്നെ ഉപയോഗിക്കും. അമിത്ഷാ അറിയിച്ചു.
അസ്സാം റൈഫിള്‍സ്, അതിര്‍ത്തി രക്ഷാ സേന(ബിഎസ്‌എഫ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന( സിഐഎസ്‌എഫ്), കേന്ദ്ര റിസര്‍വ്വ് പോലീസ്( സിആര്‍പിഎഫ്),ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്( ഐടിബിപി), സശസ്ത്ര സീമാ ബല്‍(എസ്‌എസ്ബി) എന്നിവയടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളുടെ കാന്റീനിലൂടെ വര്‍ഷം 2800 കോടി രൂപയുടെ വില്‍പനയാണ് നടക്കുക.
എല്ലാവരും പിന്നില്‍ നില്‍ക്കാതെ മുന്നിട്ടിറങ്ങി സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്ന 20 ലക്ഷം കോടിയുടെ സാമ്ബത്തിക രക്ഷാപാക്കേജ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇന്നലെയാണ്.