പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞു. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് ചെന്നിത്തല രാജി വച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഒന്നരമാസം പിന്നിട്ടിട്ടും സർക്കാർ നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയ നിർമാണത്തിലെ ക്രമക്കേടുകളിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസൻറുമായുളള എല്ലാ ഇടപാടുകളും അന്വേഷിക്കാനാണ് ആഭ്യന്തര സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.

യുഎഇ റെഡ് ക്രസൻറ് പ്രളയബാധിതർക്ക് ഭവനനിർമാണത്തിനായി 20 കോടി രൂപയാണ് നൽകിയത്. ഇതിൽ നാലേകാൽ കോടി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സംഘയും കമ്മീഷൻ ആയി കൈപ്പറ്റിയെന്നതും വിവാദമായിരുന്നു. ഇതും അന്വേഷണ പരിധിയിൽ വരും.

വടക്കാഞ്ചേരിയിലെ ഭൂമി, ഫ്‌ളാറ്റ് നിർമാണത്തിന് അനുയോജ്യമല്ലെന്നും കെട്ടിട നിർമാണത്തിന് ഗുണനിലവാരം പോരെന്നുമുളള ആക്ഷേപവും വിജിലൻസ് പരിശോധിക്കും. വിദേശനാണ്യ വിനിമയത്തിനുളള കേന്ദ്രചട്ടങ്ങൾ ലംഘിച്ച് എം ശിവശങ്കർ ക്രമക്കേട് കാട്ടിയെന്ന പരാതിയും വിജിലൻസിൻറെ പരിശോധിക്കും. കരാർ ഒപ്പിട്ടതിലെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും വിജിലൻസ് വിലയിരുത്തും. ആരോപണങ്ങളിൽ പ്രാഥമികാന്വേഷണമായിരിക്കും വിജിലൻസ് നടത്തുക.