ദുബൈ: പ്രണയം നടിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പ്രേരിപ്പിച്ച് നടത്തിയ തട്ടിപ്പില്‍ പ്രവാസിക്ക് വന്‍തുക നഷ്ടമായി. ദുബൈയില്‍ ഐ.ടി ഡയറക്ടറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരന്‍ 6,50,000 ദിര്‍ഹമാണ് (1.45 കോടിയിലധികം ഇന്ത്യന്‍ രൂപ) അജ്ഞാത സുന്ദരിയുടെ വാക്കുകേട്ട് ട്രാന്‍സ്‍ഫര്‍ ചെയ്‍തുകൊടുത്തത്. ആഴ്ചകള്‍ നീണ്ട തട്ടിപ്പിനൊടുവില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടമായതിന് പുറമെ പലരില്‍ നിന്നും കടം വാങ്ങിയ പണം ഉള്‍പ്പെടെ നഷ്ടമായി.
വാട്സ്ആപ് വഴിയാണ് ആദ്യത്തെ മെസേജ് പ്രവാസിക്ക് ലഭിച്ചത്. ഹോങ്കോങ്ങില്‍ നിന്നാണ് മെസേജ് ചെയ്യുന്നതെന്നും ദുബൈയിലെ ഒരു ഹോട്ടലിലെ മാനേജറാണോ എന്നുമായിരുന്നു ആദ്യത്തെ അന്വേഷണം. അല്ലെന്ന് മറുപടി നല്‍കി സംഭാഷണം അവസാനിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും വീണ്ടും മെസേജ് ചെയ്‍ത് അടുപ്പം സ്ഥാപിച്ചു. ബന്ധം ദൃഢമായതോടെ 54 വയസുകാരനായ പ്രവാസി തന്നെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഫോട്ടോകളും ഉള്‍പ്പെടെ കൈമാറുകയും ചെയ്‍തു. ഒടുവില്‍ യുവതി ദുബൈയിലേക്ക് വരാമെന്നും നേരിട്ട് കാണാമെന്നും അറിയിച്ചു. ഭാര്യയുമായി വര്‍ഷങ്ങളായി ചില പ്രശ്നങ്ങള്‍ കൂടി ഉണ്ടായിരുന്ന തനിക്ക് യുവതിയുമായുള്ള സംസാരമായിരുന്നു ആശ്വാസമെന്നായിരുന്നു ഇയാള്‍ പിന്നീട് പറഞ്ഞത്.