മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ചികിത്സയോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. അദ്ദേഹം നമുക്കിടയിലേക്ക് വൈകാതെ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അഭിജിത് പറഞ്ഞു. പ്രണബിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മകന്‍റെ പ്രതികരണം.

പിതാവിനൊപ്പം ആഘോഷിച്ച സ്വാതന്ത്ര്യദിനങ്ങളെ കുറിച്ചുള്ള ഓര്‍മ മകള്‍ ശര്‍മിഷ്ഠ പങ്കുവെച്ചു. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പിതാവ് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്‍റെ ചിത്രങ്ങളും പങ്കുവെച്ചു. അടുത്ത വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് അദ്ദേഹമുണ്ടാകുമെന്നും വികാരഭരിതമായ കുറിപ്പില്‍ ശര്‍മിഷ്ഠ പറഞ്ഞു.