കൊല്ലം : ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും സമ്മതിദാന അവകാശം ഉറപ്പുവരുത്തി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ ഇടം നേടുന്നു. കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കി തപാല്‍ വോട്ട് ശേഖരണം ആരംഭിച്ചു.

സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ശക്തികുളങ്ങര, കടപ്പാക്കട, കാവനാട് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് തപാല്‍ വോട്ടിംഗ് സൗകര്യം ഇന്നലെ ഒരുക്കിയത്.
കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ബാലറ്റ് പേപ്പറുകള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ നേരിട്ട് അവരുടെ വീടുകളില്‍ എത്തിയാണ് വിതരണം ചെയ്യുക. അപ്പോള്‍ തന്നെ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി തിരികെ നല്‍കുകയോ അല്ലെങ്കില്‍ തപാല്‍ വഴി അയയ്ക്കുകയോ ചെയ്യാനുള്ള സൗകര്യമാണുള്ളത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് ബാധിതരായവര്‍ക്കും ഉപയോഗത്തിനായി പേന, പശ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യമെങ്കില്‍ നല്‍കിയ ശേഷമാണ് ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്നതും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ പ്രത്യേകം സജ്ജീകരിച്ച ബോക്‌സുകളില്‍ ശേഖരിച്ച്‌ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാരുടെ ഓഫീസുകളില്‍ സൂക്ഷിക്കും.

കോര്‍പറേഷന്‍ പരിധിയിലെ ഒന്ന് മുതല്‍ 28 വരെയുള്ള ഡിവിഷനുകളില്‍ പി എ മുഹമ്മദ് ഷാഹിദ്, ആനന്ദ് ശേഖര്‍, അനു വി തോമസ് എന്നീ സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായാണ്ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ പി പി ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ച്‌ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് വീടുകളിലേക്ക് എത്തുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞു മൂന്നുവരെ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം രാവിലെ നിശ്ചിത സമയം വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമാണ് സ്വീകരിക്കുക.