വാഷിങ്ടന്‍ : വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡ് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മൂനാം തിയ്യതി നടത്തിയ കോവിഡ് പരിശോധനയില്‍ ഫ്ലോയ്ഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഫ്ലോയ്ഡിന്റെ മരണത്തിനു വൈറസ് കാരണമായിട്ടില്ലെന്നും അയാള്‍ക്ക് രോഗബാധ ഉണ്ടായിരുന്നു എന്നേയുള്ളൂവെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആന്‍ഡ്രൂ ബേക്കര്‍ പറഞ്ഞു.
ഫ്ലോയിഡിന്‍റെ മരണത്തിന് ശേഷം മിന്നെസോട്ട ആരോഗ്യ വിഭാഗം അദ്ദേഹത്തിന്‍റെ മൂക്കില്‍ നിന്ന് സ്രവമെടുത്ത് പരിശോധിച്ചപ്പോള്‍ പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ വിദഗ്‍ധന്‍ ആന്‍ഡ്രു ബെക്കര്‍ പറഞ്ഞു.അതേസമയം അദേഹത്തിന് വൈറസ് ബാധ ഉണ്ടായിരുന്നെന്ന് പുറത്തു പറയരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നതായി
ന്യൂയോര്‍ക് സിറ്റി മുന്‍ മെഡിക്കല്‍ ഓഫിസര്‍ മൈക്കിള്‍ ബൈഡന്‍ പറഞ്ഞു.
ഫ്ലോയിഡിന്റെ മരണത്തില്‍ യു എസില്‍ പ്രതിഷേധം തുടരുകായാണ് മെയ് 25-നാണ് മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. രാജ്യത്തെ 140 ഓളം നഗരങ്ങളാണ് കലാപകലുഷിതമായത്. ഫ്ലോയിഡിന്‍റെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു (ഐ കാണ്ട് ബ്രീത്) എന്നതാണ് പ്രതിഷേധത്തിന്‍റെ വാചകമായി മാറിയത്.