പുതുമുഖങ്ങളുമായി മന്ത്രിസഭാ രൂപീകരിക്കുക എന്നത് ദീര്‍ഘകാലമായുള്ള ആലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലവിധ കാരണങ്ങളാല്‍ നേരത്തെ നടപ്പിലാക്കാന്‍ സാധിക്കാതിരുന്നത് ഇപ്പോഴത്തെ അനുകൂല രാഷ്ട്രീയ സാഹചര്യം മൂലം നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതോടെ മങ്ങലേറ്റിരുന്നു, ആ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“പുതിയ തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിയെയും ഭരണകര്‍ത്താക്കളെയും പഭാവി വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ്” സത്യപ്രതിജ്ഞക്ക് ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂയില്‍ മുഖ്യമന്ത്രി ‘ദി ഇന്ത്യന്‍ എക്സ്പ്രസ്സിനോട്’ പറഞ്ഞു. പുതിയ തീരുമാനത്തെ കുറിച്ച് ദീര്‍ഘനാളായുള്ള ആലോചനയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“ആലോചന ദീര്‍ഘ നാളായുണ്ട്,എന്നാല്‍ പലവിധ കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഈ തവണ പാര്‍ട്ടി മറ്റൊരു വിട്ടുവീഴ്ചകളുമില്ലാതെ തീരുമാനം നടപ്പിലാക്കുകയായിരുന്നു. പുതിയ അനുകൂല രാഷ്ട്രീയ സാഹചര്യവും അതിന് അനുകൂലമായി. കേരളത്തിലെ ജനങ്ങള്‍ ഇത് സ്വീകരിച്ചിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.
കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് പാര്‍ട്ടി തീരുമാനമായിരുന്നു എന്നാണ് പിണറായി വിജയന്‍ പറഞ്ഞത് “പുതുമുഖങ്ങളായ എംഎല്‍എമാരെയും മന്ത്രിമാരെയും കൊണ്ടുവരിക എന്നത് പാര്‍ട്ടി തീരുമാനമായിരുന്നു. പ്രതിപക്ഷമുള്‍പ്പടെ ആരോഗ്യമേഖലയിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ വലിയ രീതിയില്‍ പ്രശംസിക്കുന്നതില്‍ സന്തോഷമുണ്ട്. ശൈലജ ടീച്ചറെ പരിഹസിച്ചവര്‍ തന്നെ അവരെ സ്തുതിക്കുന്നുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ‘ടീം വര്‍ക്കിന്റെ’ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “വളരെ കഴിവുള്ള ഒരു യുവതിയാണ് ശൈലജ ടീച്ചറുടെ പിന്‍ഗാമിയായി എത്തിയിരിക്കുന്നത്. കപടവാര്‍ത്തകളെല്ലാം അവസാനിപ്പിച്ച് മഹാമാരിയെ നേരിടാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലില്‍ പങ്കാളിയാവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു” മുഖ്യമന്ത്രി പറഞ്ഞു.



