തിരുവനന്തപുരം : പി.എസ്.സി പരീക്ഷ നടത്തിപ്പില്‍ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്നു . ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് കോമണ്‍ പരീക്ഷ നടത്താനാണ് ആലോചന . ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കാനും പി.എസ്.സി തീരുമാനിച്ചു . മലയാളത്തിനു പുറമേ തമിഴ്, കന്നഡ ഭാഷകളിലും ഉദ്യോഗാര്‍ഥികള്‍ക്കു ചോദ്യ പേപ്പര്‍ ലഭ്യമാക്കും .
തസ്തികകള്‍ക്ക് വെവ്വേറെ വിജ്ഞാപനമിറക്കി പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതാണ് പി.എസ്.സിയുടെ നിലവിലെ രീതി . എന്നാല്‍ വിജ്ഞാപനം പ്രത്യേകമായിരിക്കെ തന്നെ ഒരേ യോഗ്യതയുള്ളവക്ക് ഒറ്റ പ്രിലിമിനറി പരീക്ഷ നടത്താനാണ് പി.എസ്.സി ആലോചിക്കുന്നത് . പ്രിലിമിനറി പരീക്ഷക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കും . പിന്നീട് ഷോര്‍ട്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഓരോ തസ്തികക്കും അനുസൃതമായി പ്രത്യേകം മെയിന്‍ പരീക്ഷ നടത്തും . പരീക്ഷ നടത്തിപ്പിന്റെ ചെലവ് കുറക്കലാണ് പി.എസ്.സിയുടെ പ്രധാന ലക്ഷ്യം . ഓരോ തസ്തികയിലേക്കും വിശാലമായ ടെസ്റ്റ് നടത്തുമ്ബോള്‍ അത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പറും ഒ.എം.ആറും പരീക്ഷാ കേന്ദ്രങ്ങളും തയ്യാറാക്കുന്നത് ഭാരിച്ച ചെലവ് വരുത്തിവെക്കുന്നുണ്ട് . പരീക്ഷക്ക് ഫീസ് ഈടാക്കണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല . ഇതോടെയാണ് പി.എസ്.സി പരീക്ഷ പരിഷ്കാരത്തിന് തയ്യാറെടുക്കുന്നത് .
ഏഴു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു . വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക് – കെമിക്കല്‍ പ്ലാന്റ്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രാഫസര്‍ ഇന്‍ പള്‍മണറി മെഡിസിന്, വിവിധ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 (ഹോമിയോ) (എന്‍.സി.എ.-പട്ടികജാതി), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റര്‍ മെക്കാനിക്) (പട്ടികജാതി/പട്ടികവര്‍ഗം), തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍-പട്ടികവര്‍ഗം) എന്നീ തസ്തികകളിലേക്കാണ് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (രണ്ടാം എന്‍സിഎ.- പട്ടികജാതി), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (രണ്ടാം എന്‍സിഎ- പട്ടികവര്‍ഗം), കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്തഭടന്മാര്ക്കു മാത്രം) (എന്‍സിഎ- മുസ്ലിം, പട്ടികജാതി), സൈനിക ക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം) (വിമുക്തഭടന്മാര്ക്കുമാത്രം) എന്നീ തസ്തികകളിലേക്കു അഭിമുഖ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
നിലവില്‍ പത്താം ക്ലാസ് വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യം നല്‍കുന്നത്. ബിരുദ പരീക്ഷകള്‍ക്കുള്‍പ്പെടെ മലയാളത്തില്‍ ചോദ്യം നല്‍കണമെന്ന ഏറെക്കാലമായുള്ള ആവശ്യം പി.എസ്.സി തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇനി ഷെഡ്യൂള്‍ ചെയ്യാനിരിക്കുന്ന പരീക്ഷകള്‍ മുതല്‍ മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കാനാണ് പി.എസ്.സിയുടെ തീരുമാനം.