ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത് ലക്ഷം പിന്നിട്ടു. ഇതുവരെ 3,80,29,217 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,85,092 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,85,87,898 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം എണ്‍പത് ലക്ഷം പിന്നിട്ടു. 2,20,011 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിയൊന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിരണ്ട് ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളില്‍ 12.10 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം നിലവില്‍ 8,61,853 സജീവ കേസുകളാണ് ഉള്ളത്. 61,49,535 പേര്‍ രോഗമുക്തി നേടി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 52,87,682 ആയി.രോഗമുക്തി നിരക്ക് 86.36 ശതമാനമായും വര്‍ദ്ധിച്ചു.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ബ്രസീല്‍ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. മരണസംഖ്യ ഒന്നരലക്ഷം കടന്നു. 44,95,269 പേര്‍ രോഗമുക്തി നേടി. അതേസമയം, കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ കിഴക്കന്‍ നഗരമായ ക്വിങ്‌ദാവോയിലെ മുന്‍സിപ്പല്‍ ചെസ്റ്റ് ആശുപത്രിയില്‍ എട്ട് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.രണ്ട് മാസത്തിനിടെ ഒരൊറ്റ കൊവിഡ് കേസുപോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.