തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചത്. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്.

പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കരാര്‍ നല്‍കിയ ആര്‍.ഡി.എസ് കമ്ബനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കാന്‍ മുഹമ്മദ് ഹനീഷ് ശിപാര്‍ശ ചെയ്തെന്നായിരുന്നു പൊതുമരാമത്ത് സൂരജിന്റെ മൊഴി. എന്നാല്‍ ഈ ആരോപണം മുഹമ്മദ് ഹനീഷ് നിഷേധിച്ചു. മുന്‍കൂര്‍ തുക കൈമാറാനായി ലഭിച്ച അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നു മുഹമ്മദ് ഹനീഷ് മൊഴി നല്‍കി. സൂരജിനാണ് അപേക്ഷ കൈമാറിയതെന്നും അനുമതി നല്‍കി ഉത്തരവിറക്കിയതില്‍ തനിക്കു പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ നാലുമണിക്കൂര്‍ നീണ്ടു. നിലവില്‍ ശേഖരിച്ച രേഖകള്‍ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. കൂടാതെ പട്ടികലയിലുള്ള മറ്റുള്ളവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.