കൊച്ചി: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാർട്ടി മത്സരിപ്പിക്കാൻ സാധ്യത. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ബിജെപി നിലവിൽ രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തിൽ ശക്തനായ നേതാവിനെ നിർത്തിയാൽ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതം ഉയർത്തിയ ചരിത്രമാണ് ശോഭാ സുരേന്ദ്രനുള്ളത്. ഈ സാഹചര്യത്തിൽ പാലക്കാട് താമര വിരിയിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ശോഭ സുരേന്ദ്രന് പുറമെ പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സി കൃഷ്ണകുമാറിന്‍റെ പേരാണ് പരിഗണനാ പട്ടികയിലുള്ളത്. പാലക്കാട് നിയോജകമണ്ഡലം പരിധിയിലും മുന്നേറ്റമുണ്ടാക്കാൻ കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രവർത്തകരിലെ ഈ ആവേശം പാലക്കാടിലേക്കും പകരാൻ കഴിയുമെന്നും നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം ഉയർത്തിയ ചരിത്രമാണ് ശോഭ സുരേന്ദ്രനുള്ളത്. പാലക്കാട് നിയോജക മണ്ഡലത്തിലും മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയ നേതാവ് കൂടിയാണ് അവർ. മണ്ഡലത്തിൽ സുപരിചിതയാണെന്നത് ശോഭയുടെ സാധ്യത ഉയർത്തുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാലക്കാട് ശോഭ മത്സരിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ ഇവിടെ മൂന്നാമതായിരുന്ന പാർട്ടിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

2011ൽ പാലക്കാട് നിയോജക മണ്ഡലത്തിൽ 19.86 ശതമാനം വോട്ടുകളായിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത്. 2016ൽ ഇവിടെ മത്സരിക്കാനെത്തിയ ശോഭ സുരേന്ദ്രൻ വോട്ട് വിഹിതം 29.08 ശതമാനമായി ഉയർത്തുകയായിരുന്നു. സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ബിജെപി എത്തുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. ഷാഫിയ്ക്കെതിരെ മികച്ച പോരാട്ടം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 3859 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. സിപിഎമ്മിലെ സിപി പ്രമോദ് മൂന്നാം സ്ഥാനത്തായി.