ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് കാണാതായ രണ്ട് ജീവനക്കാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ഇരുവരും ഹൈക്കമ്മീഷന് ഓഫീസില്‍ തിരികെയെത്തിയതായും രിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ജോലിക്കായി ഇറങ്ങിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കാണാതാവുകയായിരുന്നു. ഇവര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. ഹൈക്കമ്മിഷനില്‍ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവര്‍മാരായ രണ്ടു പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാന് പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാന് സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും വിട്ടയച്ചത്.
ഇന്ത്യയിലെ പാകിസ്ഥാന് എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പേരെ ചാര പ്രവര്‍ത്തി ആരോപിച്ച് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാകിസ്ഥാന് എംബസിയില്‍ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവര്‍ത്തിക്കിടെ പിടികൂടിയത്.