ആദ്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ച സന്തോഷത്തിലാണ് ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഒരു ആദിവാസി മേഖലയിലെ ജനങ്ങള്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴാണ് ഈ മേഖലയില്‍ വെളിച്ചമെത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പിഎം വികസന പാക്കേജ് പദ്ധതിയുടെ കീഴിലാണ് അനന്ത്‌നാഗിലെ ഡോരു ബ്ലോക്കിലെ ടെതനില്‍ വൈദ്യുതി എത്തിയത്. അനന്ത്‌നാഗ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.
200-ല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ഈ സ്ഥലത്ത് മെഴുകുതിരികളും വിളക്കുകളുമായിരുന്നു ഇവര്‍ക്ക് ഇതുവരെ വെളിച്ചമേകിയിരുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എത്തിയ ഈ നേട്ടത്തെ നൃത്തം ചെയ്ത് ആഘോഷത്തോടെയാണ് പ്രദേശവാസികള്‍ കൊണ്ടാടിയത്. ഗ്രാമത്തിലെ 60 വീടുകളില്‍ പ്രകാശം പരത്തുന്നതിനായുളള ട്രാന്‍സ്‌ഫോമറുകളും മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്.