തിരുവനന്തപുരം: ലോകാരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയെ മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് രോഗികളെ ചികിത്സിച്ചതിലൂടെ രോഗബാധയേറ്റ നഴ്സ് രേഷ്മയേയും മുഖ്യമന്ത്രി പരാര്‍മശിച്ചു.
കോട്ടയത്തു കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ രേഷ്മ മോഹന്‍ദാസിന്റെ സേവനം മികച്ചതാണ്. ഇനിയും കോവിഡ് രോഗികളെ പരിചരിക്കാന്‍ തയാറാണെന്ന രേഷ്മയുടെ വാക്കുകള്‍ കേരളം കേട്ടതാണ്. നഴ്സുമാര്‍ നല്കുന്ന കരുതലിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിനു പുറത്തു മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും നഴ്സുമാരുടെ വിഷയത്തില്‍ ആശങ്കയുള്ളത്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടകാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു.
നിരീക്ഷണകാലം കഴിഞ്ഞുവരുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള സന്നദ്ധത രേഷ്മ പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഓര്‍മിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നഴ്സുമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നതിനെല്ലാം നാട് തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നിയിലെ വൃദ്ധദമ്ബതിമാരെ ശുശ്രൂഷിക്കുമ്ബോഴാണ് രേഷ്മയ്ക്ക് രോഗം ബാധിച്ചത്. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. മാര്‍ച്ച് 23 നാണ് രേഷ്മയില്‍ രോഗലക്ഷണം കണ്ടത്. മാര്‍ച്ച് 24 നു രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. ഏപ്രില്‍ നാലിനാണ് രേഷ്മ ആശുപത്രി വിടുന്നത്. താന്‍ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തുമ്ബോള്‍ കോവിഡ് വാര്‍ഡില്‍ തന്നെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് രേഷ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് നഴ്സ് ലിനിക്ക് ജീവന് നഷ്ടമായത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയിരുന്നു ലിനി. 2018 മേയ് 21 നാണ് നിപ ബാധിച്ച് ലിനി മരിച്ചത്.