• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹൂസ്റ്റണ്‍: ന്യൂജേഴ്‌സിയില്‍ ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചതെന്നു ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പറഞ്ഞു. ന്യൂയോര്‍ക്ക് മരണനിരക്കില്‍ ഓരോ ദിവസവും പുതിയ റെക്കോഡാണ് സൃഷ്ടിക്കുന്നത്. കണക്റ്റിക്കട്ടിലെ ഏറ്റവും വലിയ സംഖ്യയായ 71 പേരുടെ മരണവും നടുക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് പറഞ്ഞു. അതേസമയം, അമേരിക്കയിലാകെ രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇതില്‍ 21,711 പേര്‍ക്കു മാത്രമാണ് കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെടാനായത്. മരണം, 12857 കടന്നു. ഇറ്റലി (17127), സ്‌പെയ്ന്‍ (14555) എന്നിവ മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. ചൈനയിലെ മരണസംഖ്യ 3333 ആണ്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു ദിവസം 1,034 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗരൂകരാകാന്‍ വൈറ്റ്ഹൗസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കുന്നതില്‍ നിര്‍ദ്ദേശമുള്ളിടത്ത് ലംഘിച്ചാല്‍ ആയിരം ഡോളറാണ് പിഴയായി ഈടാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവുണ്ട്. പലരും സ്റ്റേ അറ്റ് ഹോം രീതി പിന്തുടരുന്നു, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും ഇരട്ടിയിലധികം വര്‍ദ്ധനവുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലും ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ കടുത്ത ആശങ്കയിലാണ് മലയാളി സമൂഹം. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏകദേശം അമ്പതോളം മലയാളികള്‍ വിവിധ ആശുപത്രികളിലായുണ്ടെന്നാണ് സൂചന.

രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ രോഗികളാണ് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും മരിച്ചത്. കാലിഫോര്‍ണിയ, വാഷിങ്ടണ്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വെന്റിലേറ്ററുകള്‍ ഇവിടേക്ക് എത്തിക്കും. അമേരിക്കയില്‍ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പകുതിയിലധികവും രണ്ട് സംസ്ഥാനങ്ങളിലും ചേര്‍ന്നാണ്. ചൊവ്വാഴ്ച വരെ ന്യൂയോര്‍ക്കിന്റെ എണ്ണം 5,489 ആയിരുന്നു; ന്യൂ ജേഴ്‌സി 1,232-ലും. വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് കരുതിയ കണക്റ്റിക്കട്ടില്‍ 277 പേരാണ് മരിച്ചത്.
ന്യയോര്‍ക്കില്‍ ഇതുവരെ 5,489 പേര്‍ മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ച കേസുകള്‍ 138,836 ആണ്. ഇതില്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 76,876 കേസുകളാണുള്ളത്. ഇവിടെ തീവ്രപരിചരണത്തില്‍ കഴിയുന്നത് 4,593 പേരും. ന്യൂജേഴ്‌സിയിലാവട്ടെ ഇതുവരെ മരിച്ചത് 1232 പേരും, സ്ഥിരീകരിച്ച കേസുകള്‍ 44,416 പേരുടേതുമാണ്. വെന്റിലേറ്ററില്‍ കഴിയുന്നത്, 1,651 പേരും. കണക്റ്റിക്കട്ടില്‍ ഇതുവരെ 277 പേരിച്ചു. രോഗം ബാധിച്ചവര്‍ 7,781 പേരാണ്. വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ചു കഴിയുന്നത് 1,308 രോഗികളാണ്.

വീട്ടില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനാല്‍ വൈറസ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകളില്‍ വീഴ്ച സംഭവിക്കാമെന്ന് അധികൃതര്‍ പറയുന്നു. രോഗബാധയില്ലെന്നു കരുതിയവര്‍ പോലും മരണമടയുന്നതാണ് അധികൃതരെയും ആശങ്കയിലാഴ്ത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍, സിറ്റി കൗണ്‍സിലിന്റെ ആരോഗ്യ സമിതി നേതാവ് മാര്‍ക്ക് ലെവിന്‍ ട്വിറ്ററില്‍ കുറിച്ചു, സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് വീട്ടില്‍ മരിക്കുന്നവരുടെ എണ്ണം. സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് വൈറസ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുന്നില്ല, പകരം ആശുപത്രി റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണ്. അത്രയ്ക്ക് ദയനീയമാണ് സ്ഥിതി.

ആരോഗ്യവകുപ്പാവട്ടെ ഔദ്യോഗികമായി സ്ഥിരീകരിച്ച കേസുകള്‍ മാത്രമാണ് കണക്കാക്കുന്നത്. നിരവധി മരണങ്ങളുടെ കണക്ക് അതു കൊണ്ടു തന്നെ നഷ്ടപ്പെടുന്നതായി ‘ഗോതമിസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. അതിനേക്കാളുപരി കോവിഡ്-19 മരണനിരക്കില്‍ സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്മാരുടേതെന്ന പുതിയ ഡേറ്റയും പുറത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ പുരുഷന്‍മാര്‍ കൂടുതല്‍ രോഗബാധിതരാണെന്ന് മാത്രമല്ല, അവര്‍ സ്ത്രീകളുടെ ഇരട്ടിയിലധികം മരിക്കുന്നുവേ്രത.

ഇന്നുവരെ, നഗരത്തിലെ ഓരോ 100,000 പുരുഷന്മാര്‍ക്കും 43 ഓളം കോവിഡ് 19 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, നഗരത്തിലെ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ഓരോ 100,000 സ്ത്രീകള്‍ക്കും 23 മരണങ്ങള്‍ മാത്രവും. കഠിനമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പുരുഷന്മാരുടെ എണ്ണവും വലുതാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കാണിക്കുന്ന വിമുഖതയാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പുരുഷന്മാരില്‍ അധികവും ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്തവരാണെന്നതും രോഗനിരക്ക് വര്‍ദ്ധിപ്പിക്കുന്നു.

ന്യൂയോര്‍ക്കിനെ സഹായിക്കാനെത്തിയ നേവി ഹോസ്പിറ്റല്‍ കപ്പലിലെ ഒരു ക്രൂ അംഗത്തിനു വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ മറ്റ് നിരവധി ജീവനക്കാര്‍ ക്വാറന്റൈനിലാണെന്ന് നാവികസേന അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തെ സഹായിക്കുന്നതിന് ന്യൂയോര്‍ക്കിലുള്ള കപ്പലിന്റെ ദൗത്യത്തിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്. കഴിഞ്ഞയാഴ്ച 1,000 കിടക്കകളുള്ള ഈ കപ്പല്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതായിരുന്നു. എന്നാല്‍ ബ്യൂറോക്രാറ്റിക് തടസ്സങ്ങളും വൈറസ് ബന്ധമില്ലാത്ത ആശുപത്രികളുടെ ഗണ്യമായ കുറവും, രോഗികളെ കപ്പലിലേക്ക് മാറ്റുന്നതിനു തടസമായി. അതു കൊണ്ടു തന്നെ ഇതിലെ പാതിയിലേറെ കിടക്കകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും കൊറോണ ലോംഗ് ഐലന്‍ഡിലെ സഫോക്ക് കൗണ്ടിയിലേക്കു മാറുന്നതിന്റെ സൂചനകള്‍ ഇന്നലെ മുതല്‍ കണ്ടു തുടങ്ങിയെന്നു കൗണ്ടി എക്‌സിക്യൂട്ടീവ് സ്റ്റീവ് ബെലോണ്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന സഫോക്ക് കൗണ്ടിയില്‍ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇന്നലെ ആ എണ്ണം 200 കവിഞ്ഞു, അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം നിവാസികള്‍ക്ക് ആയിരത്തോളം കേസുകള്‍ സ്ഥിരീകരിച്ച സഫോക്ക് കൗണ്ടിയില്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ ഉയര്‍ന്ന തോതിലുള്ള അണുബാധയുണ്ട്, ഒരു ലക്ഷം താമസക്കാര്‍ക്ക് 815 കേസുകള്‍ ഇവിടെ സ്ഥിരീകരിച്ചു കഴിഞ്ഞു.