- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് ബാധിച്ച പതിനഞ്ച് കുട്ടികള്‍ക്ക് അപൂര്‍വ്വരോഗം. വകഭേദം ബാധിച്ച കോവിഡ് 19 രോഗമാണിതെന്നും ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇത് പല യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ അധികൃതര്‍ തിങ്കളാഴ്ച രാത്രി അറിയിച്ചു. കൊറോണറി ധമനികള്‍ ഉള്‍പ്പെടെയുള്ള രക്തക്കുഴലുകളുടെ വീക്കം ഉള്‍പ്പെടുന്ന അപൂര്‍വ രോഗമായ ടോക്‌സിക് ഷോക്ക് അല്ലെങ്കില്‍ കവാസാക്കി രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പല കുട്ടികള്‍ക്കുമുള്ളത്. രണ്ടു വയസു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ് നിരീക്ഷണത്തിലുള്ളതെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ സിന്‍ഡ്രോം രോഗികളാരും മരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ ഒരു ബുള്ളറ്റിന്‍ പറയുന്നു. ഈ രോഗത്തെ, വൈറസ് മൂലമുണ്ടാകുന്ന മള്‍ട്ടിസിസ്റ്റം കോശജ്വലന സിന്‍ഡ്രോം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ഡോ. ഹോവാര്‍ഡ് എ. സക്കര്‍, ഈ അപൂര്‍വ്വരോഗത്തെക്കുറിച്ച് സംസ്ഥാന ഉേദ്യാഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കേസുകള്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍. ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞയായ ഡോ. മരിയ വാന്‍ കെര്‍ഖോവ് കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, കോശജ്വലന സിന്‍ഡ്രോം ‘അപൂര്‍വമാണെന്ന് തോന്നുന്നു.’
ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ശിശുരോഗവിദഗ്ദ്ധര്‍ കുട്ടികളില്‍ വിഷ ഷോക്ക് അല്ലെങ്കില്‍ കവാസാക്കി സിന്‍ഡ്രോം എന്നിവയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ഇറ്റാലിയന്‍ പട്ടണമായ ബെര്‍ഗാമോയില്‍ ഒരു ആശുപത്രിയില്‍ ഏപ്രിലില്‍ മാത്രം 20 കേസുകള്‍ കണ്ടു, നാല് പാരീസ് ആശുപത്രികളില്‍ 20 കുട്ടികളെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പെയിനില്‍ ഏതാനും ഡസന്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡും ബെല്‍ജിയവും ഒരുപിടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ന്യൂയോര്‍ക്കിലൊഴികെ മറ്റൊരിടത്തും സമാനമായ സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊറോണ മൂലം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഭാഗങ്ങളില്‍ പുതിയ അണുബാധകള്‍ കുറയുന്നു. നിയന്ത്രണങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കര്‍ശനമായ സാമൂഹിക അകലം പാലിക്കാനാണ് നിര്‍ദ്ദേശം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെങ്കിലും രാജ്യം ഇപ്പോഴും മഹാമാരിയുടെ പിടിയിലാണ്. പകര്‍ച്ചവ്യാധികളുടെ എണ്ണം 1,213,010 കവിഞ്ഞു. മരണം, 69,925 ആയി. 16,050 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ന്യൂയോര്‍ക്കിലെ കുട്ടികളിലെ അപൂര്‍വ്വരോഗം പടരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കോവിഡ് 19-ന്റെ വകഭേദമാണോ ഈ അസുഖമെന്ന് സ്ഥിരീകരണമില്ല. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ഈ രോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരുമ്പോള്‍, ജനങ്ങള്‍ പലേടത്തും സാമൂഹിക അകലം പാലിച്ചു കൊണ്ട് ഷോപ്പിംഗ് ആരംഭിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും റെസ്‌റ്റോറന്റുകളും പാര്‍ക്കുകളും തുറന്നു. അതേസമയം, രാജ്യത്ത് വൈറസിനെതിരേയുള്ള വാക്‌സിന്‍ കണ്ടെത്താന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ട വരുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുന്നത്. മിക്കവാറും എല്ലാ ദിവസവും, കുറഞ്ഞത് 25,000 പുതിയ കൊറോണ വൈറസ് കേസുകള്‍ തിരിച്ചറിയുന്നുണ്ട്, അതായത് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന കേസുകളുള്ള അമേരിക്കയില്‍ പ്രതിദിനം 2 മുതല്‍ 4 ശതമാനം വരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത്.
നഴ്‌സിംഗ് ഹോമുകള്‍, മീറ്റ് പാക്കിംഗ് പ്ലാന്റുകള്‍, ജയിലുകള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അധികവും നേഴ്‌സിങ് ഹോമുകളില്‍ നിന്നാണ്. ദേശവ്യാപകമായി നേഴ്‌സിങ് ഹോമുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഗ്രാമീണ കൗണ്ടികളില്‍ കോവിഡ് കേസുകളില്ലെങ്കിലും, രാജ്യത്തെ നഗരമേഖലകളില്‍ കൊറോണയുടെ പൈശാചിക നൃത്തമാണെന്ന് ഇര്‍വിന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ്രൂ നോയിമര്‍ പറഞ്ഞു. ചിക്കാഗോയുടെ ആസ്ഥാനമായ കുക്ക് കൗണ്ടി ഇപ്പോള്‍ പ്രതിദിനം രണ്ടായിരത്തിലധികം പുതിയ കേസുകളാണുള്ളത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ കുറഞ്ഞത് 1,000 എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ വിശാലമായ ജേക്കബ് കെ. ജാവിറ്റ്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ആശുപത്രിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നത് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പാര്‍ക്കിലെ ഒരു താല്‍ക്കാലിക ആശുപത്രിയുടെ പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കും. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം ദിവസേന 226 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇപ്പോള്‍ മരണനിരക്കില്‍ ഗണ്യമായ കുറവാണുള്ളത്. പ്രസിഡന്റ് ട്രംപ് അണുബാധയിലും മരണത്തിലും ക്രമാനുഗതമായ വര്‍ധനവ് പ്രവചിച്ചതിനെത്തുടര്‍ന്നു ശ്രദ്ധിച്ചു മാത്രം നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ മതിയെന്നാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനം.
ഇന്‍ഡ്യാന, അയോവ, കന്‍സാസ്, മിനസോട്ട, നെബ്രാസ്‌ക, ടെന്നസി, ടെക്‌സസ് എന്നിവിടങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചിട്ടും ബിസിനസുകള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ പ്രകാരം മെയ് അവസാനത്തോടെ ഓരോ ദിവസവും 200,000 പുതിയ കേസുകള്‍ ഉണ്ടായേക്കാമെന്നാണ് കണക്ക്. ഏകദേശം 30,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാനത്താണിത്. നിലവില്‍ പ്രതിദിനം 1,750 മരണങ്ങളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.