തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കരുതുന്നത്. രാത്രികളില്‍ മഴ ശക്തമാകുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മലയോര പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിക്കും. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മീന്‍പിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ പകല്‍ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും കേന്ദ്രസേനകള്‍ തയ്യാറായിരിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം ഇന്ന് എത്തിയത്.