തൃശൂര്‍: ഒരു സമയത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറവുണ്ടായിരുന്ന ജില്ല ഇപ്പോള്‍ വലിയ ആശങ്കയിലാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ സാമൂഹ്യവ്യാപനഭീതിയിലാണ് ജില്ല. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ജില്ലയിലെ നിരത്തുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിവിശേഷം മാറി. നിരത്തുകളെല്ലാം ഒഴിഞ്ഞുതുടങ്ങി. ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങളിലേക്കാണ് ജില്ല പോയിക്കൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കെെവിട്ടുപോകുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചാവക്കാട് നഗരസഭ പൂര്‍ണമായും കണ്ടെയ്‌ന്‍മെന്റ് സോണിലാണ്. സമ്ബര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ് ചാവക്കാട് നഗരസഭയില്‍ ഭീഷണിയായുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിച്ചു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ നേരത്തെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങള്‍ കൂടി കണ്ടെയ്‌ന്‍മെന്റ് സോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.

ഗുരുതര സ്ഥിതിയിലേക്ക് കടന്നിട്ടില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്‌ദുള്‍ഖാദര്‍ പറഞ്ഞു. എംഎല്‍എ ഇപ്പോള്‍ സെല്‍ഫ് ക്വാറന്റെെനിലാണ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കുന്ന ഡിവെെഎഫ്‌ഐയുടെ പരിപാടിയില്‍ എംഎല്‍എ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത ചാവക്കാട് താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യപ്രവര്‍ത്തകനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ക്വാറന്റെെനില്‍ പോകേണ്ടിവന്നു. ആരോഗ്യപ്രവര്‍ത്തകനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതിനാല്‍ എംഎല്‍എയും സെല്‍ഫ് ക്വാറന്റെെനില്‍ പ്രവേശിക്കുകയായിരുന്നു.

ഇന്നലെ മുതല്‍ ഗുരുവായൂരും ചാവക്കാടും നിയന്ത്രണം കര്‍ശനമാക്കി. 14 ദിവസത്തേക്ക് നിയന്ത്രണം തുടരും. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. നിരത്തുകളില്‍ പൊലീസ് വിന്യസിച്ചിട്ടുണ്ട്. പൊതുവേ നല്ല തിരക്കുള്ള റൂട്ടാണ് ചാവക്കാട്-ഗുരുവായൂര്‍. കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നേരത്തെ ലോക്ക്‌ഡൗണ്‍ സമയത്തുണ്ടായിരുന്നതിനു സമാനമായ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി. ആരോഗ്യവകുപ്പ് ജാഗ്രതയോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതായി അബ്‌ദുള്‍ഖാദര്‍ എംഎല്‍എ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നേരത്തെ ബുക്ക് ചെയ്‌ത വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്താനാണ് തീരുമാനം. പൊതുവെ ഭക്‌തര്‍ക്കുള്ള ദര്‍ശനം അനുവദിക്കില്ല. വിവാഹങ്ങള്‍ നേരത്തെ ബുക്ക് ചെയ്‌തതായതിനാല്‍ അവ ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് എംഎല്‍എ പറഞ്ഞത്.

ഇന്നലെ മുതല്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ 11 വരെയാണ് കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുക. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ വെെകീട്ട് അഞ്ച് വരെ തുറക്കാമെന്നും എംഎല്‍എ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി എത്തിയ പലരും ക്വാറന്റെെന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി വിവരം ലഭിച്ചതായി എംഎല്‍എ പറയുന്നു. വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴിയല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പലരും എത്തിയിട്ടുണ്ടെന്നും ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ നഗരത്തിലും സ്ഥിതി ഗുരുതരമാണ്. തൃശൂര്‍ കോര്‍പ്പറേഷന്‍ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് മന്ത്രിയും തൃശൂര്‍ എംഎല്‍എയുമായ വി.എസ്.സുനില്‍കുമാര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. കേന്ദ്ര മാനദണ്ഡമനുസരിച്ച്‌ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലും നിയന്ത്രണങ്ങളും നടപ്പിലാക്കും. മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സമാനരീതിയില്‍ 14 ദിവസം നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനമെന്ന് വി.എസ്.സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ജില്ലയില്‍ ആളുകളും പരിഭ്രാന്തരായി. തൃശൂര്‍ ശക്‌തന്‍ മാര്‍ക്കറ്റ് ഒരാഴ്‌ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതവും നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാകുമെന്ന് അറിഞ്ഞതോടെ പല ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്ക് വര്‍ധിച്ചു. അവശ്യ സാധനങ്ങള്‍ സംഭരിച്ചുവയ്‌ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. നഗരത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് മാത്രം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ല തൃശൂരാണ്. ഏഴ്‌ പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (31), അരിമ്ബൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (47), ഗുരുവായൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (48), കരുവന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (48), ജൂണ്‍ എട്ടിനു ചെന്നെെയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പ്പെട്ട എസ്‌എന്‍ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷന്‍ (67), ജൂണ്‍ രണ്ടിന് ഹൈദരാബാദില്‍ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്നും വന്ന കണ്ടാണശേരി സ്വദേശി (38), മെയ് 26 ന് ദുബായില്‍ നിന്നും വന്ന പുരുഷന്‍ (42), ഡല്‍ഹിയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതിവിശേഷമാണെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.

വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ (ഒന്നു മുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയും ഉള്ള വാര്‍ഡുകള്‍) തൃശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകള്‍, 41-ാം ഡിവിഷന്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകളാണ്. വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുമുള്ള വാര്‍ഡുകളും നേരത്തെ കണ്ടെയ്‌ന്‍മെന്റ് സോണ്‍ പട്ടികയിലുണ്ട്.