കോഴിക്കോട് : നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയത് തലശേരി സ്വദേശി അജ്മലാണെന്നു തെളിഞ്ഞു. കസബ പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ സമ്മതിച്ചത്.

നാട്ടുകാര്‍ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണു കടന്നുകളഞ്ഞത്. സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സിസിടിവി ദൃശ്യങ്ങള്‍ അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണെന്നു പൊലീസ് വ്യക്തമാക്കി.

കൊയിലാണ്ടി സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു പീഡന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മല്‍ കോവിഡ് ഇളവില്‍ മോചിതനായതാണ്. രാത്രികാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.

വിവസ്ത്രനായാണ് പ്രതി നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ചാണ് പിടിയിലായത്.