കുന്നംകുളം: നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കെതിരേ കേസ്‌. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴി പ്രകാരം കടവല്ലൂര്‍ മാനംകണ്ടത്ത്‌ ഷെഹിറ(27) ക്കെതിരേ കേസെടുത്തതായി കുന്നംകുളം സി.ഐ: കെ.ജി. സുരേഷ്‌ പറഞ്ഞു. പ്രസവം മനഃപൂര്‍വം മറച്ചുവച്ചെന്നാണു കേസ്‌. കടവല്ലൂര്‍ വടക്കുമുറിയില്‍ പാടത്ത്‌ പീടികയില്‍ നൂറുദ്ദീന്റെ പറമ്ബിലെ കിണറ്റിലാണു മൃതദേഹം കണ്ടെത്തിയത്‌.

കുട്ടിയെ കിണറ്റില്‍ എറിഞ്ഞത്‌ സംബന്ധിച്ച്‌ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നടപടിയുണ്ടാകും. ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രസവാനന്തര അമിത രക്‌തസ്രാവവുമായി ബന്ധപ്പെട്ട്‌ യുവതി ചികിത്സയ്‌ക്ക്‌ ചെന്നിരുന്നു. ചങ്ങരംകുളം പോലീസാണ്‌ വിവരം കുന്നംകുളം പോലീസിനെ അറിയിച്ചത്‌. പിറന്ന ഉടനെ കുട്ടിയെ കിണറ്റിലിട്ടതാണെന്നാണു പ്രാഥമിക നിഗമനം.പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ കിണറ്റില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌.

ആണ്‍കുഞ്ഞിന്റെ മൃതദേഹത്തിന്‌ അഞ്ചുദിവസത്തെ പഴക്കമുണ്ടന്ന്‌ കരുതുന്നു. മൃതദേഹം പുറത്തെടുത്ത്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി.
ചങ്ങരംകുളത്തെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ യുവതിക്ക്‌ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകളുണ്ട്‌. മൂന്നുവര്‍ഷം മുമ്പ്‌ വിവാഹമോചിതയായ യുവതി ഏഴു വയസായ മകള്‍ക്കൊപ്പമാണു താമസിക്കുന്നത്‌.