കൊല്ലം: വീട്ടുമുറ്റത്ത് പൊലീസ് ജീപ്പെത്തി, വിനീതിനെ കൈപിടിച്ച് കയറ്റി. പിന്നെ 55 കിലോമീറ്റര്‍ യാത്രചെയ്ത് പരീക്ഷാ ഹാളിന് മുന്നിലെത്തിച്ചു. ചിരിച്ചും പറഞ്ഞും പരീക്ഷാപ്പേടിമാറ്റി എസ്.ഐയും പൊലീസുകാരുമായി അടിച്ചുപൊളിച്ചുള്ള യാത്ര, പരീക്ഷാ ഹാളിന് മുന്നില്‍ ഇറങ്ങിയപ്പോള്‍ വിനീത് നന്ദിയോടെ ആ ഓഫീസര്‍മാരെ നോക്കി പുഞ്ചിരിച്ചു. നന്നായി എഴുതിയിട്ടുവാ, ഞങ്ങള്‍ ഇവിടെയുണ്ടാകും… ഭിന്നശേഷിക്കാരനായ വിനീത് സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.
അച്ചന്‍കോവില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശിയായ വിനീത്. വിനീതിന്റെ ബാല്യകാലത്ത് അമ്മ മരണപ്പെട്ടു. അതിനും മുന്നേ അച്ഛന്‍ ഉപേക്ഷിച്ചുപോയി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്നു വളര്‍ന്നത്. അപ്പൂപ്പന്‍ കിടപ്പ് രോഗിയായി മാറി, അമ്മൂമ്മയ്ക്ക് എഴുപത്തഞ്ച് പിന്നിട്ടതിന്റെ അവശതകളുമുണ്ട്. ശാരീരിക അവശതകളുള്ള വിനീതിന് പഠനത്തോട് വല്ലാത്ത കൊതിയുണ്ട്. പഠിച്ച് പൊലീസാകാനാണ് ആഗ്രഹമെങ്കിലും തന്റെ വൈകല്യം അതിന് തടസമാകുമെന്ന ചിന്തയുമുണ്ട്. അച്ചന്‍കോവിലില്‍ സര്‍ക്കാര്‍ നല്‍കിയ 75 സെന്റ് ഭൂമിയിലാണ് വിനീതും അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചുവന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴിയിലെ കുടുംബ വീട്ടിലേക്ക് താമസം മാറി. വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ അച്ചന്‍കോവില്‍ സ്കൂളിലെ ക്ലാസ് ടീച്ചര്‍ വിനീതിനെ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് റൂറല്‍ എസ്.പി ഹരിശങ്കറിനോട് വിവരം അറിയിച്ചു.
എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കുളത്തൂപ്പുഴ പൊലീസ് വിനീതിനെ അന്വേഷിച്ച് കണ്ടെത്തി. തുടര്‍ന്നാണ് കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വിനീതിനെ വിളിക്കാന്‍ കല്ലുവെട്ടാംകുഴിയില്‍ എത്തിയത്. അവിടെ നിന്നും വിളിച്ച് 55 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് അച്ചന്‍കോവില്‍ സ്കൂളില്‍ എത്തിച്ചത്. പൊലീസുകാരായ ഗിരീഷ്, സുജിത്ത്, സജിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇനി പരീക്ഷ തീരുന്ന ദിവസംവരെ പൊലീസ് സംരക്ഷണയില്‍ പ്രത്യേക താമസ സൗകര്യം വിനീതിന് ഒരുക്കിയിട്ടുണ്ട്. എല്ലാ പരീക്ഷകളും തീരുമ്ബോള്‍ കുളത്തൂപ്പുഴയിലെ വീട്ടിലെത്തിക്കാനാണ് തീരുമാനമെന്ന് സി.ഐ ഹരീഷ് പറഞ്ഞു.