കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും. എട്ട് മണിയോടെ തിരച്ചില്‍ തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.

സന്നദ്ധപ്രവര്‍ത്തകര്‍ അധികമായാല്‍ നിയന്ത്രിക്കും. അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും റിസ്‌ക്കുള്ള ഇടങ്ങളിലൊന്നും ആരെയും അറിയിക്കാതെ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് നിന്നും സൈന്യം പൂര്‍ണമായും മടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂരല്‍മലയില്‍ തുടര്‍ന്ന സംഘാംഗങ്ങളാണ് മടങ്ങിയത്. 3 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്ത് തുടരുന്നത്. ബെയിലി പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കും.

കഴിഞ്ഞ ദിവസം നടത്തിയ ജനകീയ തിരിച്ചിലില്‍ ഒരു ക്യാമ്പില്‍ നിന്ന് മൂന്ന് പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പേര് രജിസ്റ്റര്‍ ചെയ്ത പലരും തി രച്ചിലിനെത്തിയിരുന്നില്ല. നാട്ടുകാര്‍ ചൂണ്ടിക്കാണിച്ച മേഖലകളില്‍ സ്‌കൂള്‍ റോഡ് ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.