സാംബാല്‍ •ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി നേതാവ് ഛോട്ടേലാല്‍ ദിവാകറിനെയും മകന്‍ സുനില്‍ ദിവാകറിനെയും പപട്ടാപ്പകല്‍ വെടിവച്ചു കൊന്നു. എം‌ജി‌എന്‍‌ആര്‍‌ജി‌എയുടെ (തൊഴിലുറപ്പ് പദ്ധതി) കീഴിലുള്ള ഒരു റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പട്ട തര്‍ക്കത്തിന്റെ ഫലമായാണ് കൊലപാതകം.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ ഛോട്ടേലാല്‍ മത്സരിച്ചിരുന്നു.

ദിവാകറും മകനും പാടത്ത് നടക്കാനിറങ്ങിയ സമയത്താണ് ആക്രമണകാരികള്‍ മോട്ടോര്‍ ബൈക്കില്‍ എത്തിയത്. ഹ്രസ്വമായ വാക്കേറ്റത്തിനൊടുവില്‍ അക്രമികള്‍ ഇരുവരെയും വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മോട്ടോര്‍ ബൈക്ക് ഉപേക്ഷിച്ച്‌ അക്രമികള്‍ ഓടിപ്പോയി.

ഇരട്ട കൊലപാതക വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ധാരാളം എസ്പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കൊലപാതകം നടന്നയുടനെ സ്ഥലത്ത് എത്തിയ എസ്പി യമുന പ്രസാദ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.