സോളാർ കേസ് പ്രതി സരിത എസ്. നായരും കൂട്ടാളികളും തൊഴിൽ തട്ടിപ്പിനായി ബെവ്കോ എം.ഡിയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ പേരിൽ ഇന്റർവ്യൂനുള്ള ക്ഷണപത്രവും തയാറാക്കി. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരിൽ പലരെയും ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാർ മൊഴി നൽകി.
സർക്കാരിൽ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ്. നായർ പ്രതിയായ നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും നടന്നത്. രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ എസ്. നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദർശിനെ ബെവ്കോയിൽ ജോലി നൽകാമെന്നും പറഞ്ഞ് പറ്റിച്ചതായാണ് പരാതി.അരുണിൽ നിന്ന് അഞ്ച് ലക്ഷവും ആദർശിൽ നിന്ന് 11 ലക്ഷം രൂപയും വാങ്ങി. സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജരേഖകൾ കാണിച്ച് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങിയത്. ബെവ്കോ എം.ഡിയുടെ ഒപ്പോടെ ലെറ്റർ പാഡിൽ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റർവ്യൂ കാർഡും ആദർശിന് നൽകി. കെ.ടി.ഡി.സി എം.ഡിയുടെ പേരിലും സമാന രേഖകൾ തയാറാക്കി. പരാതിക്കാരെ
വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരിൽ ഫോൺ വിളിച്ചിരുന്നതായും പരാതിക്കാർ പറയുന്നു.
കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥിയായ രതീഷും സുഹൃത്ത് ഷൈജുവുമാണ് മുഖ്യ പ്രതികൾ. ഇടപാടുകളെല്ലാം ഇവർ നേരിട്ട് നടത്തിയപ്പോൾ ഒരു ലക്ഷം രൂപ മാത്രമാണ് സരിതയുടെ അക്കൗണ്ടിലേയ്ക്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ജോലി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചപ്പോൾ സരിത നേരിട്ട് ഫോൺ വിളിച്ച് തുടങ്ങിയതായും മൊഴിയുണ്ട്.