തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രി കെ. കെ ശൈലജ. മരണ നിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിർദേശം നൽകി. എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങണം. വയോജനങ്ങളും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തുടരണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

കേരളത്തിൽ പ്രകൃതി ദുരന്തവും പകർച്ചവ്യാധിയും ഉണ്ടായപ്പോൾ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആരോ​ഗ്യമേഖലയിൽ കേന്ദ്രസർക്കാർ പത്ത് ശതമാനം തുകയെങ്കിലും മാറ്റിവയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.